5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ലക്ഷദ്വീപിന് മുകളിലായി ന്യുനമർദ്ദം; തെക്കൻ ആൻഡമാന് മുകളിൽ ചക്രവാതച്ചുഴി; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Weather Updates Today: വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Kerala Rain Alert: ലക്ഷദ്വീപിന് മുകളിലായി ന്യുനമർദ്ദം; തെക്കൻ ആൻഡമാന് മുകളിൽ ചക്രവാതച്ചുഴി; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Rain Alert (Image Credits: KSDMA)
sarika-kp
Sarika KP | Published: 14 Dec 2024 16:00 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി ഇന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ലക്ഷദ്വീപിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു ദിശയിൽ നീങ്ങി ദുർബലമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുന മർദ്ദ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യുന മർദ്ദമായി മാറി തുടർന്ന് ശക്തി പ്രാപിച്ചു 48 മണിക്കൂറിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാ​ഗമായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും (ഡിസംബർ 14) , ഡിസംബർ18 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഡിസംബർ 18ന് ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read: അച്ഛന്റെ അപകട മരണം, നടപടികൾ പൂർത്തിയാക്കാൻ സ്റ്റേഷനിലെത്തി; മകനിൽ നിന്ന് കെെക്കൂലി വാങ്ങി എസ് ഐ

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.അതേസമയം ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം, ആൻഡമാൻ കടൽ, അതിനോട് ചേർന്ന തെക്ക് – കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

അതിനിടെ അച്ചൻകോവിൽ നദിയുടെയും കല്ലടയാറിൻറെയും തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകി. അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു. കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. തെന്മല ഡാമിലെ ജലനിരപ്പ് റൂൾ കർവിന് അനുസ്യതമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കെഎസ്ഡിഎംഎ അറിയിച്ചു. ഇന്ന് രാവിലെ 11 മണി മുതൽ ഡാമിന്റെ മൂന്നു ഷട്ടറുകൾ 60 സെന്റീമീറ്റർ പടിപടിയായി ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുകയാണ്. ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.