Kerala rain update: നാലു ദിവസം കൂടി കാലവർഷം, പിന്നെ വരവായ് തുലാവർഷം
Kerala Weather updates: 13 മുതൽ 17 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
തിരുവനന്തപുരം: കേരളത്തിൽ നാലു ദിവസം കൂടി കാലവർഷം തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 4 ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിരീക്ഷണം. അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നതായും പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ അറബിക്കടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വയക്തമാക്കുന്നു.
വടക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തു ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ഇത് ശക്തി പ്രാപിച്ചാൽ വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങി കനത്ത മഴയ്ക്ക് കാരണമായേക്കാം. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 17 ന് അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 13 മുതൽ 17 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ഇന്ന് എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 12 മുതൽ 16 വരെ ശക്തമായ മഴയ്ക്കും 17ന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.