Kerala Weather Updates: സംസ്ഥാനത്ത് മഴ തുടരും, ഒപ്പം താപനില മുന്നറിയിപ്പും; കാലാവസ്ഥ പ്രവചനം ഇങ്ങനെ…
Kerala Weather Updates: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇന്നും കനത്ത ചൂടാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ചൂടിന് ആശ്വാസമായി മഴയും പ്രതീക്ഷിക്കാം.
ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത മണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശം അനുസരിച്ച് മാറാനും മത്സ്യബന്ധന യാനങ്ങൾ കെട്ടിയിട്ട് സൂക്ഷിക്കാനും, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാനും ജാഗ്രത നിർദേശത്തിൽ സൂചിപ്പിക്കുന്നു.