Kerala Weather Updates: ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്; കണ്ണൂരും കാസർഗോഡും ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത നിർദേശം
IMD Issues Yellow Alert For Heatwave in Kerala: കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉഷ്‌ണതരംഗത്തിന് സാധ്യത മുന്നറിയിപ്പ് കണക്കിലെടുത്താണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതംരംഗ സാധ്യത മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉഷ്‌ണതരംഗത്തിന് സാധ്യത മുന്നറിയിപ്പ് കണക്കിലെടുത്താണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
മറ്റ് ജില്ലകളായ കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരേയും ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം തെക്കൻ ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
അതേസമയം, തെക്കോട്ടുള്ള ചില ജില്ലകളിൽ ആശ്വാസമായി അടുത്ത ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ഇതിന്റെ ഭാഗമായി വെള്ളി ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെള്ളിയാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനിയാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
- പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക
- ദാഹമില്ലെങ്കിലും ശുദ്ധജലം കുടിക്കുക
- മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴുവാക്കുക. ഇത് നിർജലീകരണമുണ്ടാക്കാൻ സാധ്യതയുണ്ട്.
- അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക.