5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: വരാനുള്ളത് ചൂടൻ ദിനങ്ങൾ; രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

Kerala Weather Higher Temperatures: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

Kerala Weather Update: വരാനുള്ളത് ചൂടൻ ദിനങ്ങൾ; രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത
പ്രതീകാത്മക ചിത്രംImage Credit source: PTI
abdul-basith
Abdul Basith | Published: 28 Jan 2025 09:44 AM

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം സംസ്ഥാനത്ത് അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജനുവരി മാസത്തിൽ സാധാരണയിലും കൂടുതൽ ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത് എന്നാണ് കണക്ക്. ഈ പതിവ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് 2024ലാണ്. കണ്ണൂർ വിമാനത്താവളത്തിലാണ് കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 36.5 ഡിഗ്രി സെൽഷ്യസായിരുന്നു കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളിൽ മാർച്ച് മുതലായിരുന്നു സംസ്ഥാനത്ത് ചൂട് വർധിച്ചിരുന്നത്. എന്നാൽ, 2023, 24 വർഷങ്ങളിൽ ജനുവരി മുതൽ തന്നെ ചൂട് വർധിച്ചു. ഈ വർഷം ഇതേ നില തുടരുകയാണ്. അതേസമയം, ഈ മാസം 31ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് ചൂടിന് ആശ്വാസമുണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More: Kerala Weather Update: അധികം വിയർക്കേണ്ടി വരില്ല! വ്യാഴാഴ്ചയോടെ മഴ സജീവം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

താപനില വർധിക്കുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതകളുണ്ട്. ചൂട് വർധിക്കുമ്പോൾ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. കനത്ത ചൂടും പിന്നാലെ മഴയും വരുന്നത് മറ്റ് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കിയേക്കും. അതുകൊണ്ട് തന്നെ ഈ കാലാവസ്ഥയിൽ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണവും ജീവിതശൈലിയുമൊക്കെ കൃത്യമായി പരിഗണിച്ചാവണം ഈ സമയത്ത് മുന്നോട്ടുപോകേണ്ടത്.

മഴ
സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ മഴ സജീവമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ജനുവരി 30ന് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 4 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ശക്തമായ മഴ.

ഈ മാസം 27ന് വിവിധയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടായിരുന്നു. തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.