Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Kerala Weather Update Heavy Rain: അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജനുവരി 19) ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും കൊല്ലത്തുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ബാക്കിയുള്ള ജില്ലകളിലും കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയെ തുടർന്നാണ് മഴ മുന്നറിയിപ്പ് നൽകിയത്. മലയോര മേഖലകളിൽ ആയിരിക്കും മഴയ്ക്ക് കൂടുതൽ സാധ്യത.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരിയ മഴയ്ക്ക് സാധ്യത പ്രവചിച്ചത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത ആണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിന് ആണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണത്തിന്റെ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്ത് രാത്രി 11.30 വരെ 0.3 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ ഉണ്ടായേക്കും. ജനുവരി 21നും രാവിലെ 8.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണം ഉണ്ടാക്കൻ സാധ്യത. അതിനാൽ, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
പ്രത്യേക ജാഗ്രതാ നിർദേശം:
- കടലാക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളത് കൊണ്ട് അധികൃതരുടെ നിർദേശ പ്രകാരം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം.
- മുന്നറിയിപ്പ് നൽകിയിട്ടുള്ള ഈ സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.
- കള്ളക്കടൽ പ്രതിഭാസം, ഉയർന്ന തിരമാലകൾ എന്നിവർക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നത് പോലെ തന്നെ വളരെ അപകടകരം ആണ് യാനങ്ങൾ കരക്കടുപ്പിക്കുന്നതും. അതിനാൽ, തിരമാല ശക്തമാകുന്ന സാഹചര്യത്തിൽ ഇവ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കുക.
- ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കടലുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരം ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കണം.
- മൽസ്യബന്ധന യാനങ്ങൾ സുരക്ഷിതമായി ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. അതുപോലെ മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പു വരുത്തണം.
- ബീച്ചിലേക്കുള്ള യാത്രകൾ, കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.
- തീരശോഷണത്തിനും സാധ്യത ഉള്ളതുകൊണ്ട് പ്രത്യേകം ശ്രദ്ധ പുലർത്തണം.