Kerala Summer Rain Alert: ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്
Kerala Summer Rain Alert Today: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനാണ് സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിൽ പറയുന്നു. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് വിവരം. അതേസമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും 28ന് (ഇന്ന്) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 29 മുതൽ 31 വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മാറ്റമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. അൾട്രാ വയലറ്റ് സൂചികയിൽ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളാണ് ഓറഞ്ച് ലെവലിൽ തുടരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ സംസ്ഥാനത്ത് വേനൽ മഴ ലഭിച്ചത് ഈ വർഷമാണ്. സംസ്ഥനത്ത് ഇതുവരെ 58. 2 മില്ലിമീറ്റർ മഴ ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാക്കുന്നതിനാൽ പൊതുജനങ്ങൾ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതാണ്.