Kerala Weather Report: സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില വർധിക്കുമെന്ന് മുന്നറിയിപ്പ്
Kerala Weather Temperature: സംസ്ഥാനത്ത് ഇന്നും ചൂട് വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് കാരണമാവുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം ചൂടും അസ്വസ്ഥയുമുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി ഏറെസമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ജാഗ്രതാനിർദ്ദേശങ്ങളിൽ പറയുന്നു. ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിയ്ക്കുക. പഴങ്ങൾ, പച്ചക്കറികൾ, സംഭാരം തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുക. മദ്യം, ചായ, കാപ്പി തുടങ്ങിയ നിർജലീകരണമുണ്ടാക്കുന്നവ പകൽ സമയത്ത് ഒഴിവാക്കുക. ഇളം നിറത്തിൽ, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ചെരിപ്പിട്ട് മാത്രം പുറത്തിറങ്ങുക. കുട, തൊപ്പി തുടങ്ങിയവ ഉപയോഗിക്കാം.
Also Read: Locked House Information: വീട് പൂട്ടി പോവുകയാണോ? എങ്കിൽ പോലീസിന് അറിയിക്കാൻ മറക്കരുത്
തീപിടുത്തത്തിനുള്ള സാധ്യതയുള്ള സ്ഥലങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക. കാട്ടുതീയ്ക്ക് സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രതപാലിക്കുക. സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ സമയം വെയിലത്ത് നിൽക്കേണ്ടതായിവരുന്ന അസംബ്ലികൾ പോലുള്ളവ ഒഴിവാക്കുക. അംഗനവാടി കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കുക.
ഓൺലൈൻ ഭക്ഷണവിതരണക്കാർ പകൽ 11 മുതൽ ഉച്ചകഴിഞ്ഞ മൂന്ന് വരെയുള്ള സമയത്ത് ഏറെ ചൂടേൽക്കാതിരിക്കാൻ ശ്രമിക്കുക. അതിനെ സഹായിക്കുന്ന വസ്ത്രം ധരിക്കാൻ നിർദ്ദേശം നൽകുകയും വിശ്രമത്തിനുള്ള അനുവാദം നൽകുകയും ചെയ്യുക. പൊതുപരിപാടികളും സമ്മേളനങ്ങളും ഈ സമയത്ത് ഒഴിവാക്കുക. ചടങ്ങിൽ കുടിവെള്ളവും തണലും ഉറപ്പുവരുത്തുക.
തണലില്ലാത്തയിടങ്ങളിൽ തൊഴിൽ ചെയ്യുന്നവർ ജോലിസമയം ക്രമീകരിച്ച് ഇടയ്ക്കിടെ വിശ്രമിക്കുക. കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും വെയിലത്ത് ഇറക്കരുത്. അവർക്ക് ജലലഭ്യത ഉറപ്പുവരുത്തണം. പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്. മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാൻ ശ്രമിക്കണം. അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ നിർബന്ധമായും വിശ്രമിച്ച് വൈദ്യസഹായം തേടുക.