Kerala Weather Report: ഒടുവിൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴസാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Rain Alert In 3 Districts: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട, നേരിയ മഴസാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പാണ് മഴസാധ്യത അറിയിച്ചത്. ആഴ്ചകളോളമായി സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടിൽ നിന്ന് രക്ഷനൽകാൻ ഒരു പരിധിവരെ ഈ മഴയ്ക്ക് കഴിഞ്ഞേക്കും.

ഒടുവിൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു. മൂന്ന് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട, നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് മഴസാധ്യത. ആഴ്ചകളോളമായി സംസ്ഥാനത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ ചൂടിൽ നിന്ന് രക്ഷനൽകാൻ ഒരു പരിധിവരെ ഇന്നത്തെ മഴയ്ക്ക് കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷകൾ.
നാളെയും സംസ്ഥാനത്ത് മഴസാധ്യതയുണ്ട്. നാളെ, ഫെബ്രുവരി 25 ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ പെയ്യാൻ സാധ്യതയുള്ളത്. 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട, നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത് എന്നതിനാൽ വലിയ ആശ്വാസം ലഭിക്കില്ല. മഴ ലഭിക്കാത്ത ഇടങ്ങളിൽ അതികഠിനമായ ചൂട് തുടരുകയും ചെയ്യും.
തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി, തെക്കൻഡ് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ 55 കിലോമീറ്റർ വരെയും വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യതയുള്ളത്. ഇത് മോശം കാലാവസ്ഥയ്ക്കും കാരണമാവും. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
ചൂടിന് ശമനമില്ല
വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴസാധ്യതയുണ്ടെങ്കിലും ചൂട് കുറയില്ല. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനാൽ, ചൂട് കൂടുമ്പോഴുള്ള മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റിയാണ് ചൂട് കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശദീകരിച്ചത്.