Kerala rain alert: ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Yellow alert at seven districts: കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 23, 24 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കുമെന്ന് റിപ്പോർട്ട്. നാളെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപ്ച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പും അലർട്ടുമുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്ന് വിദഗ്ധർ പറയുന്നു. ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ചൊവ്വാഴ്ച മുന്നറിയിപ്പുള്ളത് എന്നാണ് വിവരം.
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 23, 24 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും കാറ്റ് വീശാം.
ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനുള്ള സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. നാളെ മുതൽ 26 വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.