Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

Kerala Rain Alert Today: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

പ്രതീകാത്മക ചിത്രം

neethu-vijayan
Published: 

08 Apr 2025 16:37 PM

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറിയതായി കാലാവസ്ഥാ വകുപ്പ്. അതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 24 മണിക്കൂറിൽ വടക്കു -വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ചു ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 11 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഇന്നും നാളെയും ഉയർന്ന താപനില പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

വീട്ടില്‍ എല്ലാവരും  ഒരേ സോപ്പ് ആണോ ഉപയോഗിക്കുന്നത്
ലെമണ്‍ ടീ ഈ വിധത്തില്‍ കുടിക്കരുത്‌
ആശങ്കയില്ലാതെ പരസ്യമായി സംസാരിക്കാനുള്ള മാർഗങ്ങൾ
വെള്ളക്കടല ധാരാളം കഴിക്കാം; ഗുണങ്ങൾ ഏറെ