Kerala Rain Alert: വേനൽ ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഈ ജില്ലകളിൽ ശക്തമായ മഴ, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
Kerala Rain Alert Today: തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കൂടാതെ തെക്കൻ കേരളം മേഘാവൃതമാണെന്നും വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
അതേസമയം കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൂടാതെ ഇന്നും നാളെയും ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മാലിദ്വീപ്, ലക്ഷദ്വീപ് തീരം, കന്യാകുമാരി പ്രദേശം അതിനോടുചേർന്ന തെക്കു കിഴക്കൻ അറേബ്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
നാളെ തെക്കു കിഴക്കൻ അറേബ്യൻ മഹാസമുദ്രം അതിനോട് ചേർന്ന മാലിദ്വീപിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.