Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala Weather Update Today:ഇന്ന് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരളത്തിൽ അടുത്ത ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ മാസം ഒന്ന് മുതൽ ഇന്ന് വരെ ലഭിച്ച മഴയുടെ കണക്ക് നോക്കുകയാണെങ്കിൽ 59 ശതമാനം അധികമഴ ലഭിച്ചുവെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇടുക്കി ഒഴികെ മറ്റ് എല്ലാ ജില്ലകളിലും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. 160 ശതമാനം അധികം മഴ ലഭിച്ചു. രണ്ടാം സ്ഥാനത്ത് പാലക്കാട് ആണ്.