Kerala Rain Alert: കേരളത്തിൽ ഇടിമിന്നൽ ഭീഷണി ശക്തമാകുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Alert: തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം , വയനാട്, എന്നീ ജില്ലകളിലാണ് ജാഗ്രത മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിനു പുറമെ ഇടിമിന്നൽ ഭീഷണിയും ശക്തമാകുമെന്നും അറിയിപ്പിൽ പറയുന്നു. കേരളത്തിന്റെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം , വയനാട്, എന്നീ ജില്ലകളിലാണ് ജാഗ്രത മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്. അത് ജീവന് ഭീഷണിയാണ്.
Also Read:വീടിന് പുറത്തുനിൽക്കുമ്പോൾ ഇടിമിന്നലേറ്റു; കോഴിക്കോട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലും കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചിരുന്നു. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ആണ് സംഭവം. ഫാത്തിമ വീടിന് പുറത്തു നിൽക്കുന്ന സമയത്ത് ഇടിമിന്നലിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇടുക്കിയിൽ കനത്ത മഴയിൽ കല്ല് ദേഹത്ത് വീണ് വയോധികൻ മരിച്ചു. ഇടുക്കി സുൽത്താനിയയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്.
തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റും മഴ ലഭിക്കാൻ കാരണമാകുന്നു. കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ മുതൽ രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ഉണ്ട്.