Kerala Weather Update: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update Today: ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് ഉയരുന്ന സാഹചര്യത്തിൽ ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത മൂന്ന് ദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇതിനു പുറമെ സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (മാർച്ച് 21) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. നാളെയും മറ്റന്നാളും (മാർച്ച് 22,23) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മാർച്ച് 24 , 25 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read:ഇന്നും ചൂട് കനക്കും; കേരളത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, കൊല്ലത്ത് റെഡ് അലർട്ട്
അതേസമയം സംസ്ഥാനത്ത് കനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ കൊല്ലത്തെ കൊട്ടാരക്കരയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊട്ടാരക്കരയില്‍ അള്‍ട്രാവയലറ്റ് സൂചിക 11 രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അള്‍ട്രാവയലറ്റ് സൂചിക 11ന് മുകളില്‍ രേഖപ്പെടുത്തുകയാണെങ്കില്‍ ഏറ്റവും ഗുരുതരമായ സാഹചര്യമായാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
കോന്നി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് ഓറഞ്ച് അലര്‍ട്ടാണ്. അള്‍ട്രാവയലറ്റ് സൂചിക എട്ടുമുതല്‍ പത്തുവരെയുള്ള പ്രദേശങ്ങളിലാണ് ഓറഞ്ച് ജാഗ്രത നല്‍കിയിരിക്കുന്നത്. കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടാണ് നല്‍കിയിരിക്കുന്നത്.