Kerala University Answer Paper Missing: കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ബൈക്കിൽ പോയപ്പോള്‍ വീണുപോയെന്ന് അധ്യാപകൻ
Kerala University MBA Answer Paper Missing Incident: അധ്യാപകന്‍റെ വീഴ്ച മൂടി വെക്കാൻ ആണ് ആദ്യം സർവകലാശാല ശ്രമിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. ഉത്തരക്കടലാസ് കാണാതായതിൽ വിശദീകരണം നൽകാതെ പുനഃപരീക്ഷ സംഘടിപ്പിക്കാനാണ് സർവകലാശാല ശ്രമിച്ചത്.

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിൽ ഉണ്ടായിരിക്കുന്നത് ഗുരുതര വീഴ്ച. ബൈക്കിൽ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകൻ സര്‍വകലാശാല അധികൃതർക്ക് നൽകിയ വിശദീകരണം. പാലക്കാട് നിന്നുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായതെന്നും മൂല്യനിര്‍ണയം നടത്തിയ അധ്യാപകൻ അറിയിച്ചു. സംഭവത്തിൽ അധ്യാപകനെതിരെ നടപടിയെടുക്കാൻ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.
ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വൈസ് ചാന്‍സിലര്‍ രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടും. അതേസമയം, അധ്യാപകന്‍റെ വീഴ്ച മൂടി വെക്കാൻ ആണ് ആദ്യം സർവകലാശാല ശ്രമിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. ഉത്തരക്കടലാസ് കാണാതായതിൽ വിശദീകരണം നൽകാതെ പുനഃപരീക്ഷ സംഘടിപ്പിക്കാനാണ് സർവകലാശാല ശ്രമിച്ചത്. എന്നാൽ, സംഭവം വാർത്തയായതോടെ നടപടിയുമായി മുന്നോട്ട് പോകാൻ സർവകലാശാല തീരുമാനിക്കുകയായിരുന്നു. പാലക്കാട് സ്വദേശിയായ അധ്യാപകൻ മൂല്യനിര്‍ണയം നടത്തിയ എംബിഎ പരീക്ഷയുടെ 71 ഉത്തരക്കടലാസുകളാണ് കാണാതായത്.
ALSO READ: 50ആം ദിവസം മുടി മുറിയ്ക്കാനൊരുങ്ങി ആശമാർ; സർക്കാർ അവഗണയിൽ സമരം കടുപ്പിക്കാൻ തീരുമാനം
കേരള സർവകലാശാലയിലെ 2022-2024 ബാച്ചിലെ മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിർണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകൾ അധ്യാപകന്റെ പക്കൽ നിന്ന് നഷ്ടപ്പെടുകയായിരുന്നു. ഇത് മൂലം കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനം നടത്താൻ കഴിഞ്ഞിട്ടില്ല. ഈ 71 വിദ്യാർത്ഥികളും പുനപരീക്ഷ എഴുതണമെന്നായിരുന്നു സർവകലാശാല നൽകിയ നിർദേശം.
പരീക്ഷ പത്ത് മാസം മുമ്പ് നടന്നെങ്കിലും ഉത്തരക്കടലാസിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഫല പ്രഖ്യാപനവും വന്നില്ല. കേരള സർവകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.