Kerala Unemployment : യുവാക്കൾക്ക് ജോലി ഇല്ല! രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കേരളം നമ്പർ 1
Kerala Youth Unemployment Rate : 15 മുതൽ 29 വരെ പ്രായമുള്ള യുവാക്കളിൽ നടത്തിയ സർവെ പ്രകാരമാണ് കേന്ദ്രം കണക്ക് പുറത്ത് വിട്ടത്. പട്ടികയിൽ ഏറ്റവും പിന്നിലുള്ളത് ഡൽഹിയാണ്.
ന്യൂ ഡൽഹി : രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്കിൽ കേരളം ഒന്നമത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്ത് വിട്ട പീരിയോഡിക് ലേബർ ഫോഴ്സ് സർവെയുടെ കണക്കിലാണ് കേരള രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്കിൽ ഒന്നാമതെത്തിയത്. 31.8% ആണ് കേരളത്തിലെ തൊഴിലില്ലായ്മയുടെ നിരക്ക്. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഡൽഹിയിലാണ്. 3.1 ശതമാനമാണ് ഡൽഹിയിലെ നിരക്ക്.
2024ൻ്റെ ആദ്യപാദത്തിലെ (ജനുവരി മുതൽ മാർച്ച് വരെ) കണക്കാണ് കേന്ദ്രം പുറത്ത് വിട്ടിരിക്കുന്നത്. നഗര മേഖലകളിലുള്ള 15 മുതൽ 29 വരെ പ്രായമുള്ള യുവാക്കൾക്കിടിയിൽ നടത്തിയെ സർവെയുടെ കണക്കാണ് റിപ്പോർട്ടിലുള്ളത്. 17 ശതമാനമാണ് രാജ്യത്തെ ശരാശരി തൊഴിലില്ലായ്മയുടെ നിരക്ക്. ഇതോടെ രാജ്യത്തെ ആകെ തൊഴിലില്ലായ്മയുടെ നിരക്ക് കഴിഞ്ഞ പാദത്തെക്കാൾ നേരിയ തോതിൽ വർധനവ് രേഖപ്പെടുത്തി.
ALSO READ : Execution In Kerala: വധശിക്ഷ കാത്ത് 39 പേർ; ആരാച്ചാരില്ലാതെ കേരളത്തിലെ ജയിലുകൾ
നമ്പർ 1 കേരളം!
യുവാക്കളെക്കാളും കേരളത്തിൽ യുവതികളാണ് തൊഴിൽ രഹിതരായിട്ടുള്ളത്. 46.6% ആണ് തൊഴിൽ രഹിതരായ യുവതികളുടെ നിരക്ക്. 24.3 ശതമാനമാണ് യുവക്കാളുടെ നിരക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരായിട്ടുള്ള യുവതികൾ ഉള്ളത് ജമ്മു കശ്മീരാണ്. 48.6% ആണ് കശ്മീരിലെ തൊഴിൽ രഹിതരായിട്ടുള്ള യുവതികളുടെ നിരക്ക്. കേരളമാണ് യുവാക്കളുടെ പട്ടികയിൽ ഒന്നാമതുള്ളത്.
തൊഴിലില്ലായ്മ നിരക്ക് കൂടുതൽ ഉള്ള സംസ്ഥാനങ്ങൾ
പട്ടികയിൽ കേരളത്തിന് താഴെയായി ജമ്മു കശ്മീർ (28.2%), തെലങ്കാന (26.1%), രാജസ്ഥാൻ (24%), ഒഡീഷ (23.3%) എന്നിങ്ങനെയാണുള്ളത്. പുരുഷന്മാരുടെ പട്ടികയിൽ കേരളത്തിന് താഴെയായി ബിഹാർ (21.2%), ഒഡീഷ (20.6%), രാജസ്ഥാൻ (20.6%), ഛത്തീസ്ഡഢ് (19.6%) എന്നിങ്ങനെയാണ്. സ്ത്രീകളുടെ കണക്കിൽ കശ്മീരും കേരളവും കഴിഞ്ഞാൽ പട്ടികയിലുള്ളത് ഉത്തരാഖണ്ഡ് (39.4%), തെലങ്കാന (38.4%), ഹിമാചൽ പ്രദേശ് (35.9%) എന്നിങ്ങിനെയാണ്.
കറൻ്റ് വീക്കിലി സ്റ്റാറ്റസിൻ്റെ (CWS) അടിസ്ഥാനത്തിലാണ് സർവെ നടത്തിയിരിക്കുന്നത്. നിശ്ചിത ആഴ്ചയിൽ ഒരു മണിക്കൂർ പോലും തൊഴിൽ ലഭ്യമല്ലാത്തവരെയാണ് സർവെ പ്രകാരം തൊഴിൽരഹിതരായി കണക്കാക്കിയിരിക്കുന്നത്.