Kerala Rain Alert: മഴ വരുന്നു… ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
Kerala Temperature And Rain Alert: വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 22, 23 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരുന്ന ചൊവ്വാഴ്ച്ച വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
ഇടിമിന്നൽ അപകടകാരികളാണ്, അവ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും മറ്റ് വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിച്ചേക്കാം. ആയതിനാൽ പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പ് നൽകുന്ന മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും ഒഴിവാകരുത്.
അതേസമയം മിക്ക ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിക്കേണ്ടതാണ്. കടുത്ത ചൂടും അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യവും സംസ്ഥാനത്ത് വർദ്ധിച്ചിരിക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതർ ശ്രദ്ധ പാലിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരും മുൻ കരുതൽ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കുന്നതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.