5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ത്രികോണ പോരിന്‍ ചൂടില്‍ സംസ്ഥാനം

വലിയ സുരക്ഷ തന്നെയാണ് കേരളത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് പൊലീസും കേന്ദ്രസേനയും സ്ഥലത്ത് വിന്യസിച്ച് കഴിഞ്ഞു. അഞ്ച് ജില്ലകളിലും നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ത്രികോണ പോരിന്‍ ചൂടില്‍ സംസ്ഥാനം
shiji-mk
Shiji M K | Updated On: 26 Apr 2024 12:48 PM

തിരുവനന്തപുരം: കേരളം നാളെ പോളിങ് ബൂത്തിലേക്കെത്തുകയാണ്. ബുധനാഴ്ചയോടെ പരസ്യ പ്രചാരണം അവസാനിച്ചിരുന്നു. ഇനിയുള്ള മണിക്കൂറുകള്‍ എല്ലാ മുന്നണികള്‍ക്കും നിശബ്ദ പ്രചാരണത്തിനുള്ളതാണ്. മൂന്ന് മുന്നണികളും വളരെ പ്രതീക്ഷയോടെ തന്നെയാണ് വോട്ടര്‍മാരെ സമീപിക്കുന്നത്.

20ല്‍ 20ഉം നേടുമെന്ന ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ ഇറങ്ങിയിരിക്കുന്നത്. തങ്ങളുടെ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന ലക്ഷ്യമാണ് സിപിഐഎമ്മിന്. എന്നാല്‍ ഒരു അക്കൗണ്ട് എങ്കിലും തുറക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ബിജെപി. അതിന് വേണ്ടി ഇത്തവണ ദേശീയ നേതാക്കള്‍ തന്നെയാണ് കേരളത്തിലെത്തിയതും.

വലിയ സുരക്ഷ തന്നെയാണ് കേരളത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് പൊലീസും കേന്ദ്രസേനയും സ്ഥലത്ത് വിന്യസിച്ച് കഴിഞ്ഞു. അഞ്ച് ജില്ലകളിലും നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളത്തില്‍ ആകെ 2,77,49,159 വോട്ടര്‍മാരാണ് നാളെ പോളിങ് ബൂത്തിലേക്കെത്തുന്നത്. 194 പേരാണ് 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി ജനവിധി തേടുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 77.67 ആയിരുന്നു പോളിങ് ശതമാനം. ഇത് വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മുന്നണികള്‍. 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യം പരിശോധിക്കുകയാണെങ്കില്‍ പോളിങ് ശതമാനം 74.06 താഴ്ന്നിരുന്നു. പോളിങ് ശതമാനം 80 ശതമാനത്തില്‍ കുറയാതെ ഇരിക്കുക എന്നതാണ് ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിട്ടുണ്ട്.

26ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് പെട്ടെന്ന് അവസാനിച്ചാലും വിധി അറിയാന്‍ ഇനിയും ഒരു മാസം കാത്തിരുന്നേ മതിയാകൂ. അതുവരേക്കും മൂന്ന് മുന്നണികള്‍ക്കും ആശ്വസിക്കാം. പലയിടങ്ങളിലും പ്രവചനാധീതമായ വിധി ആയിരിക്കും ഉണ്ടാവുക എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

25,231 ബൂത്തുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇവിടേക്ക് പൊലീസിന് വിന്യസിക്കും. കൂടാതെ കേന്ദ്രസേനയുമുണ്ടാകും. ആകെ 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കേരള പൊലീസ് നിയോഗിച്ചിട്ടുള്ളത്. നോഡല്‍ ഓഫീസര്‍ എഡിജിപി എംആര്‍ അജിത്ത് കുമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി എന്നിവരുടെ നേതൃത്വത്തില്‍ 20 ഉദ്യോഗസ്ഥരുടെ കീഴില്‍ 144 ഡിവിഷനുകളാക്കിയാണ് പൊലീസിന്റെ പ്രവര്‍ത്തനം.

ഓരോ ഡിവിഷന്റെയും ചുമതല ഡിവൈഎസ്പി അല്ലെങ്കില്‍ എസ്പിമാര്‍ക്കായിരിക്കും. കൂടാതെ 62 കമ്പനി സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സുമുണ്ടാകും. പ്രശ്‌നബാധ്യത പോളിങ് സ്‌റ്റേഷനുകളില്‍ കേന്ദ്രസേനയുള്‍പ്പെടെ അധികസേനയുമുണ്ടാകും.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ. കൊട്ടിക്കലാശം കഴിഞ്ഞതോടെയാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ ജില്ലകൡ ഏപ്രില്‍ 27ന് രാവിലെ ആറുമണി വരെയാണ് നിരോധനാജ്ഞ. എന്നാല്‍ കാസര്‍കോട് ഏപ്രില്‍ 27ന് വൈകീട്ട് ആറുമണി വരെ നിരോധനം ഉണ്ടാകും.

നിയമവിരുദ്ധമായ സംഘചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ സാന്നിധ്യം, ഉച്ചഭാഷിണി ഉപയോഗിക്കല്‍ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്. 1973ലെ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 144(2) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിങ് സ്‌റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍ ഇലക്ഷന്‍ ബൂത്തുകള്‍ സജീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ലെന്നും നിര്‍ദേശത്തിലുണ്ട്.

പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കല്ലാതെ പോളിങ് സ്‌റ്റേഷന് 10 മീറ്റര്‍ ചുറ്റളവില്‍ കോര്‍സ്ലഡ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവ ഉപയോഗിക്കാനും പാടില്ല. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 ബി പ്രകാരം ആയുധം കൈവശം വെക്കാന്‍ അനുമതിയുള്ളവര്‍ മാത്രമേ കൈവശം വെക്കാന്‍ പാടുള്ളുവെന്നും പറയുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക. ഏതെങ്കിലും തരത്തിലുള്ള സര്‍വ്വേകള്‍ സംഘടിപ്പിക്കുന്നതും തെറ്റാണ്.