Kerala Heatwave Alert: സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദ്ദേശം
Today Weather Update Kerala: കൊടും ചൂട് തുടരുന്നതിനാൽ സൂര്യ രശ്മികളിൽ നിന്നുള്ള അൾട്രാവലയറ്റ് കിരണങ്ങളുടെ തോതും വർദ്ധിക്കുകയാണ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് (Heatwave Alert) കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ 10 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37° സെൽഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36° സെൽഷ്യസ് വരെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35° സെൽഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34° സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3° സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
കൊടും ചൂട് തുടരുന്നതിനാൽ സൂര്യ രശ്മികളിൽ നിന്നുള്ള അൾട്രാവലയറ്റ് കിരണങ്ങളുടെ തോതും വർദ്ധിക്കുകയാണ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയങ്ങളിൽ നേരിട്ട് ചൂട് ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശം. അവർക്ക് ചൂട് ഏൽക്കാതിരിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തിൽ പറയുന്നു.