Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം
Kerala Summer Rain Alert Today: ഇന്നലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. തൃശൂരിൽ ഒരു മണിക്കൂറോളം പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കനത്ത കാറ്റിൽ നിരവധി മരങ്ങളും മരക്കൊമ്പുകളും ഒടിഞ്ഞു വീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. തൃശൂരിൽ ഒരു മണിക്കൂറോളം പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കനത്ത കാറ്റിൽ നിരവധി മരങ്ങളും മരക്കൊമ്പുകളും ഒടിഞ്ഞു വീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. വൈദ്യുതി കമ്പികൾ തകർന്നതിനെ തുടർന്ന് മണിക്കൂറുകളോളെ നഗരം ഇരുട്ടിലായിരുന്നു. തലസ്ഥാനത്തും ശക്തമായ മഴയാണ് ഇന്നലെ രാത്രിയോടെ ലഭിച്ചത്.
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കേണ്ടതാണ്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയുണ്ട്. 24 മുതൽ 26 വരെയും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അധികൃതരുടെ നിർദ്ദേശത്തിൽ പറയുന്നു.