5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Result 2024: മലപ്പുറത്ത് ഇത്തവണയും പ്ലസ് വണ്‍ സീറ്റ് ക്ഷാമം; ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പുറത്ത്‌

മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് പരീക്ഷ വിജയിച്ചവരുടെ എണ്ണം 79730 ആണ്. എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് അലോട്ട്‌മെന്റിലൂടെ പരിഗണിക്കുന്ന സീറ്റുകളുടെ എണ്ണം 59690 ആണ്

Kerala SSLC Result 2024: മലപ്പുറത്ത് ഇത്തവണയും പ്ലസ് വണ്‍ സീറ്റ് ക്ഷാമം; ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പുറത്ത്‌
Kerala SSLC Results 2024
shiji-mk
Shiji M K | Updated On: 09 May 2024 09:00 AM

മലപ്പുറം: സീറ്റ് പ്രതിസന്ധി അവസാനിക്കാതെ മലബാര്‍. മലബാറിലെ ആറ് ജില്ലകളിലായി പ്ലസ് വണ്‍ പഠനത്തിന് യോഗ്യത നേടിയ 41,000 വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കില്ല. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി നല്‍കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ പ്രതിസന്ധി.

മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് പരീക്ഷ വിജയിച്ചവരുടെ എണ്ണം 79730 ആണ്. എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് അലോട്ട്‌മെന്റിലൂടെ പരിഗണിക്കുന്ന സീറ്റുകളുടെ എണ്ണം 59690 ആണ്. മലപ്പുറം ജില്ലയില്‍ 20040 വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ലഭിക്കാതിരിക്കുക.

പാലക്കാട് ജില്ലയില്‍ 7979 സീറ്റുകളുടെയും കോഴിക്കോട് 5321 സീറ്റുകളുടെയും കാസര്‍കോട് 4068 സീറ്റുകളുടെയും കുറവുണ്ട്. അങ്ങനെ മലബാറില്‍ 41230 സീറ്റുകളുടെ കുറവാണുള്ളത്. മലബാര്‍ ജില്ലകള്‍ക്കുള്ള മുപ്പത് ശതമാനം സീറ്റ് വര്‍ധനവും അധികമായി അനുവദിച്ച താത്കാലിക ബാച്ചിലെ സീറ്റ് കൂടി പരിഗണിച്ചതിന് ശേഷമാണ് ഈ പ്രതിസന്ധി.

സിബിഎസ്ഇ ഫലം കൂടി പുറത്തുവരുമ്പോള്‍ സീറ്റ് പ്രതിസന്ധി വര്‍ധിക്കും. എന്നാല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സീറ്റുകള്‍ അധികമായി വരും. പത്തനംതിട്ട ജില്ലയില്‍ 2809 സീറ്റുകളും ആലപ്പുഴയില്‍ 961 സീറ്റുകളും കോട്ടയത്ത് 87 സീറ്റുകളുമാണ് അധികമായിട്ടുള്ളത്. അണ്‍ എയ്ഡഡ് സ്‌കൂളുകളെ പരിഗണിക്കുമ്പോള്‍ ഇത് ഇരട്ടിയാകും.

അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റില്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവര്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനെ അഭിനന്ദിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ പ്രതിഷേധമുന്നയിക്കുന്നവര്‍ പ്രശ്നം പരിഹരിക്കണമെന്ന് മാത്രമാണ് നേരത്തെ പറഞ്ഞത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ബാച്ച് വേണമെന്ന് പറയുന്നത് ശരിയല്ല. നിലവിലെ സാഹചര്യത്തില്‍ ബാച്ച് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിരുന്നു. ഇതില്‍ 425563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയതാണ് റിസള്‍ട്ടില്‍ പറയുന്നത്. എസ്എസ്എല്‍സി വിജയ ശതമാനം 99.69 ആണ് .

കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. ഇത്തവണ അതില്‍ ചെറിയ കുറവാണ് ഉള്ളത്. 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിജയികള്‍ കോട്ടയത്താണ് ഉള്ളത്. 99.92 % പേരാണ് കോട്ടയത്തു നിന്ന് വിജയിച്ചത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത്.

അതേസമയം, 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലപ്രഖ്യാപനം ഇന്ന്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ ഫലവും ഇന്നുതന്നെയാണ് പ്രഖ്യാപിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.

കഴിഞ്ഞ വര്‍ഷം മെയ് 25നായിരുന്നു പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. ഇത്തവണ നേരത്തെ തന്നെ റിസള്‍ട്ട് പുറത്തുവിടാന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്നിനായിരുന്നു മൂല്യ നിര്‍ണയ ക്യാമ്പ് ആരംഭിച്ചത്. 77 ക്യാമ്പുകളിലായി നടന്ന മൂല്യ നിര്‍ണയത്തില്‍ 25000ത്തോളം അധ്യാപകര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27798 വിദ്യാര്‍ഥികളും 1502 വിദ്യാര്‍ഥികള്‍ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.