School Reopen on June 3: ജൂണ്‍ മൂന്നിന് പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം ഇത്തവണ എറണാകുളത്ത്
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് മെയ് 28ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടക്കും. എസ്എസ്എല്‍സി പരീക്ഷാ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണ് പ്രത്യേക കോണ്‍ക്ലേവ് നടത്തുന്നത്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അധ്യയനവര്‍ഷം ജൂണ്‍ മൂന്നിന് ആരംഭിക്കും. അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് വെച്ച് നടക്കും. എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് മെയ് 28ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടക്കും. എസ്എസ്എല്‍സി പരീക്ഷാ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണ് പ്രത്യേക കോണ്‍ക്ലേവ് നടത്തുന്നത്. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്കും പരശീലനത്തില്‍ പങ്കെടുക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികള്‍ നടത്തുകയും വേണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുമെന്ന് ഉറപ്പാക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. സ്‌കൂളിലുള്ള ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്യുകയോ അല്ലെങ്കില്‍ പ്രത്യേക മുറിയിലേക്ക് മാറ്റുകയോ ചെയ്യണം.
സ്‌കൂള്‍ പരിസരത്ത് അപകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്‌സുകള്‍ എന്നിവ നീക്കം ചെയ്യണം. സ്‌കൂളിലേക്കുന്ന വഴി, പരിസപം എന്നിവിടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണം.
ഗോത്ര വിദ്യാര്‍ഥികള്‍ക്ക് ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം നല്‍കാന്‍ നിയോഗിച്ചിട്ടുള്ള മെന്റര്‍ ടീച്ചര്‍മാര്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ എത്തണം. എല്ലാ സ്‌കൂളുകളില്‍ എത്തുന്നുവെന്ന് ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ഉറപ്പാക്കണം. സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് ഉറപ്പുവരുത്തുക. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയില്‍ നടത്തണം. കുട്ടികള്‍ക്ക് വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം എന്നിവ ഉറപ്പാക്കണം.
സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും ഇല്ലെന്ന് ഉറപ്പുവരുത്തണം. എക്സൈസ് വകുപ്പും പൊലീസും കൃത്യമായ ഇടവേളകളില്‍ കടകളിലും മറ്റും പരിശോധന നടത്തണം.
ബോധവല്‍ക്കണ, എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കണം. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കാന്‍ കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കണം. രക്ഷകര്‍ത്താകളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കണ ക്ലാസ് സംഘടിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.