Covid 19 Death: 2024ൽ ഏറ്റവും കൂടുതൽ കോവിഡ് മരണം കേരളത്തിൽ; രോഗം ബാധിച്ചത് 5597 പേർക്ക്
Covid 19 Death In Kerala: രാജ്യത്ത് ഇപ്പോൾ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന വിവരം. 2023 നവംബറിൽ സ്ഥിരീകരിച്ച ജെ.എൻ. 1 എന്ന വകഭേദമാണ് ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നത്. രോഗവ്യാപനം കുറവായതിനാൽ സംസ്ഥാനത്ത് കോവിഡ് പരിശോധനകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞവർഷം (2024) ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ (Covid 19 Death) റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. 2024 ജനുവരിക്കും ഡിസംബർ ആറിനുമിടയിൽ 66 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് പ്രതിമാസം ശരാശരി ആറ് കോവിഡ് മരണങ്ങളെങ്കിലും രേഖപ്പെടുത്തുന്നതായാണ് റിപ്പോർട്ട്. അതേസമയം 2024 ലെ സംസ്ഥാന സർക്കാർ കണക്കുകൾ പ്രകാരം ഡിസംബർ 31 വരെ 76 കോവിഡ് മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കർണാടകയിൽ 39 പേരും മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ മുപ്പതിലധികം പേരും കോവിഡ് രോഗം ബാധിച്ച് മരിച്ചതായാണ് കേന്ദ്രസർക്കാർ കണക്കുകൾ വെളിപ്പെടുത്തുന്നു.
അതേസമയം, 2024 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ (7,252) റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്. സംസ്ഥാനത്ത് 39 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രണ്ടാം സ്ഥാനത്തായി. 35 മരണങ്ങളുമായി മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്തുള്ളത്. കേരളത്തിൽ 5,597 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 5,658 കേസുകളും റിപ്പോർട്ട് ചെയ്തു. അങ്ങനെ, 2021 ജനുവരി മുതൽ 2024 ഡിസംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരം, കേരളത്തിൽ 69,095 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ 99,139 മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് മുന്നിൽ.
എന്നാൽ സംസ്ഥാനത്ത് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത മരണങ്ങൾ കോവിഡ് മൂലം മാത്രമാണെന്ന് പറയാൻ കഴിയില്ല. അവരിൽ മറ്റ് രോഗങ്ങളും കണ്ടെത്തിയിരുന്നു. അതിനൊപ്പം കോവിഡ് മൂർച്ഛിച്ചത് മറ്റ് രോഗങ്ങളെ സങ്കീർണമാക്കിയതാണ് മരണത്തിന് കാരണമായതെന്നും പൊതുജനാരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞവർഷം സംസ്ഥാനത്ത് 5597 പേർക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. സർക്കാർ കണക്കുകൾപ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ തിങ്കളാഴ്ച രണ്ടുപേരാണ് കോവിഡ് ചികിത്സയിലുള്ളത്.
രാജ്യത്ത് ഇപ്പോൾ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന വിവരം. 2023 നവംബറിൽ സ്ഥിരീകരിച്ച ജെ.എൻ. 1 എന്ന വകഭേദമാണ് ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നത്. രോഗവ്യാപനം കുറവായതിനാൽ സംസ്ഥാനത്ത് കോവിഡ് പരിശോധനകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പനിക്കൊപ്പം ശ്വാസതടസ്സമോ മറ്റ് ഗുരുതരരോഗങ്ങളോ ഉള്ളവർ മാത്രമാണ് ആർടിപിസിആർ പരിശോധന നടത്താൻ വിധേയമാകുന്നത്.
കൃത്യമായ വാക്‌സിനേഷനിലൂടെ കോവിഡ് വൈറസിനെതിരായ പ്രതിരോധശേഷി ഉയർന്നതിനാലാണ് രോഗികളുടെ എണ്ണം കുറയുന്നതെന്നും ആരോഗ്യ സംഘം വ്യക്തമാക്കുന്നു. ആശുപത്രികളിൽ നടത്തുന്ന നിലവിലെ കോവിഡ് പരിശോധനകൾ സംസ്ഥാനത്തെ അണുബാധയുടെ വ്യാപനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതായും കേരളത്തിലെ ഐഎംഎ റിസർച്ച് സെല്ലിന്റെ കൺവീനർ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. 2023-ൽ സംസ്ഥാനത്ത് മാത്രം 87,242 പേർക്കാണ് കോവിഡ് ബാധിച്ചത്. 516 പേർ മരിക്കുകയും ചെയ്തു. 2022-ൽ 15,83,884 പേർക്ക് രോഗം ബാധിക്കുകയും 24,114 പേർ മരിക്കുകയും ചെയ്തിരുന്നതായി കണക്കുകൾ പറയുന്നു.