Skin Bank: രക്തബാങ്ക് പോലെ സ്കിൻബാങ്ക് വരുന്നു; ആർക്കൊക്കെ ഗുണമാകും? പ്രവർത്തനമെങ്ങനെ
Kerala First Skin Bank: ത്വക്ക് നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശരീരത്തിലെ മാംസം, മൂലകങ്ങൾ ലവണങ്ങൾ എന്നിവ നഷ്ടപ്പെടുന്നത് തടയാൻ സ്കിൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സഹായിക്കുമെന്നാണ് ആരോഗ്യ സംഘം പറയുന്നത്. രക്തബാങ്ക് പോലെ തന്നെ ജീവിച്ചിരിക്കേ സമ്മതപത്രം നൽകിയവരിൽനിന്നും സ്കിൻ ശേഖരിക്കും. കൂടാതെ സമ്മതപത്രം നൽകാതെ മരിച്ചവരിൽനിന്നും ചർമം ശേഖരിച്ച് ബാങ്കിൽ സൂക്ഷിക്കാനാണ് തീരുമാനം. സാധാരണ രണ്ട് തുടകളിൽനിന്നും മുതുകിൽനിന്നുമാണ് 0.1 മുതൽ 0.9 മില്ലിമീറ്റർവരെ കനത്തിൽ ത്വക്ക് എടുക്കാറുള്ളത്.
അപകടത്തിലും മറ്റും പരിക്കേറ്റ് ത്വക്ക് നഷ്ടപ്പെട്ടവർക്കും പൊള്ളലേറ്റവർക്കും സന്തോഷവാർത്ത. രക്തബാങ്കുപോലെ പ്രവർത്തിക്കുന്ന സ്കിൻ ബാങ്കിൽനിന്ന് മറ്റൊരാളുടെ ത്വക്ക് സ്വീകരിച്ച് അണുബാധയിൽനിന്ന് രക്ഷപ്പെടാനാകും. സംസ്ഥാനത്തെ സർക്കാർമേഖലയിലെ ആദ്യ സ്കിൻബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാകുന്നത്. അവയവദാനമെന്ന നിലയിലുള്ള അനുമതികൂടി ലഭിച്ചാൽ സ്കിൻബാങ്ക് പ്രവർത്തനം ആരംഭിക്കും. ത്വക്ക് നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശരീരത്തിലെ മാംസം, മൂലകങ്ങൾ ലവണങ്ങൾ എന്നിവ നഷ്ടപ്പെടുന്നത് തടയാൻ സ്കിൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സഹായിക്കുമെന്നാണ് ആരോഗ്യ സംഘം പറയുന്നത്. മുറിവുകൾ പെട്ടെന്ന് ഭേദമാകുന്നതിനും വേദനകുറയ്ക്കുന്നതിനും ഇതിലൂടെ ഗുണം ചെയ്യും.
രക്തബാങ്ക് പോലെ തന്നെ ജീവിച്ചിരിക്കേ സമ്മതപത്രം നൽകിയവരിൽനിന്നും സ്കിൻ ശേഖരിക്കും. കൂടാതെ സമ്മതപത്രം നൽകാതെ മരിച്ചവരിൽനിന്നും ചർമം ശേഖരിച്ച് ബാങ്കിൽ സൂക്ഷിക്കാനാണ് തീരുമാനം. സാധാരണ രണ്ട് തുടകളിൽനിന്നും മുതുകിൽനിന്നുമാണ് 0.1 മുതൽ 0.9 മില്ലിമീറ്റർവരെ കനത്തിൽ ത്വക്ക് എടുക്കാറുള്ളത്.
എന്താണ് സ്കിൻ ബാങ്ക്?
പൊള്ളൽ ഉൾപ്പെടെയുള്ള ഗുരുതരമായ പരിക്കുകൾ സംഭവിക്കുന്നവർക്ക് ചർമ്മം മാറ്റി വച്ച് അണുബാധ ഇല്ലാതാക്കുകയും അപകടത്തിൻ്റെ തീവ്രത കുറയ്ക്കുകയും മരണ സാധ്യത കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് സ്കിൻ ബാങ്ക് പ്രവർത്തിക്കുക. പൊള്ളലേറ്റും മറ്റും ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ചികിത്സ നടത്തുമ്പോൾ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അണുബാധയിലൂടെ മരണം വരെ സംഭവിച്ചേക്കാം. കൂടാതെ ആഴത്തിലുള്ള മുറിവാണെങ്കിൽ ചർമ്മം വളരാനും സമയമെടുക്കും.
നിലവിൽ ഇത്തരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രോഗിയുടെ ശരീരത്തിലെ തന്നെ സ്കിൻ എടുത്താണ് പരിക്കേറ്റ ഭാഗത്ത് വെക്കുന്നത്. എന്നാൽ 90 ശതമാനം വരെ പൊള്ളലേറ്റ് വരുന്ന പരിക്കുകളിൽ ഇത് പലപ്പോഴും സാധ്യമാകുകയില്ല. ഇതിനെല്ലാം ഒരു പരിഹാരം എന്ന നിലയിലാണ് സ്കിൻ ബാങ്ക് പ്രവർത്തിക്കുക. ഏകദേശം 50 ലക്ഷം രൂപയോളമാണ് സ്കിൻ ബാങ്കിന്റെ പ്രവർത്തനത്തിന് ആവശ്യമായ ചെലവ്.
സ്കിൻ ബാങ്ക് പ്രവർത്തനമെങ്ങനെ?
മരണപ്പെട്ടവരുടെ ചർമമാണ് സ്കിൻ ബാങ്കിലേക്ക് സാധാരണയായി മാറ്റുന്നത്. മുതുകിലെയും തുടയിലെയും ചർമമാണ് സ്കിൻ ബാങ്കിൽ സൂക്ഷിക്കുന്നതിന് എടുക്കുക. 0.1 മുതൽ 0.9 മില്ലിമീറ്റർ വരെ ആഴത്തിലായിരിക്കും ചർമ്മം എടുക്കുന്നത്. പകർച്ചാവ്യാധികളോ മറ്റ് ചർമ്മ പ്രശ്നങ്ങളോ ഉള്ളവരിൽ നിന്ന് സ്കിൻ സ്വീകരിക്കുന്നതല്ല. ഇങ്ങനെയെടുക്കുന്ന സ്കിൻ മൂന്ന് വർഷം വരെ സ്കിൻ ബാങ്കിൽ സൂക്ഷിക്കാനാകും.
സ്കിൻ ബാങ്കിൽ പ്രത്യേകതരത്തിലുള്ള ഫ്രിഡ്ജിലാണ് ചർമ്മം സൂക്ഷിക്കുന്നത്. സ്കിൻബാങ്കിലേക്ക് ചർമ്മം നൽകാൻ മുൻകൂറായി സമ്മത പത്രം തയാറാക്കി നൽകുകയോ ബന്ധുക്കളുടെ അനുമതിയോ നിർബന്ധമാണ്. ബാങ്കിൽ നിന്ന് ചർമം സ്വീകരിച്ച രോഗിയിൽ മൂന്നാഴ്ചയ്ക്കകം സ്വാഭാവിക ചർമം വളർന്നുതുടങ്ങും. എന്നാൽ മറ്റവയവങ്ങൾ മാറ്റിവയ്ക്കുന്നതുപോലെ രക്തഗ്രൂപ്പിന്റെ സാമ്യം ചർമ്മം സ്വീകരിക്കാൻ നോക്കേണ്ട കാര്യമില്ല.