5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ration Card Mustering: ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധു; കാരണം പേരിലെ പൊരുത്തക്കേട്

Ration Card Mustering Update: താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയ്ക്കുശേഷമാണ് നടപടി. മസ്റ്ററിങ് നടത്തിയവരിൽ ചിലരുടെ റേഷൻ കാർഡിലെയും ആധാറിലെയും പേരുകളിൽ പൊരുത്തക്കേടുണ്ടെന്നാണ് കണ്ടെത്തൽ. മഞ്ഞ, പിങ്ക് എന്നീ കാർഡുകളിലായി സംസ്ഥാനത്ത് 1.56 കോടി പേരുടെ മസ്റ്ററിങ്ങാണ് ഇതുവരെ പൂർത്തിയാക്കിയത്.

Ration Card Mustering: ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധു; കാരണം പേരിലെ പൊരുത്തക്കേട്
നിരവധിപേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കി. (​Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 07 Oct 2024 07:10 AM

ആലപ്പുഴ: ആധാറിലെയും റേഷൻകാർഡിലെയും പേരിലെ പൊരുത്തക്കേടുമൂലം സംസ്ഥാനത്ത് ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെവൈസി) (Ration Card Mustering) അസാധുവാക്കിയതായി റിപ്പോർട്ട്. റേഷൻകടയിലെ ഇ -പോസ് യന്ത്രത്തിൽ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയവരുടേതാണ് അസാധുവാക്കിയിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയ്ക്കുശേഷമാണ് നടപടി. മസ്റ്ററിങ് നടത്തിയവരിൽ ചിലരുടെ റേഷൻ കാർഡിലെയും ആധാറിലെയും പേരുകളിൽ പൊരുത്തക്കേടുണ്ടെന്നാണ് കണ്ടെത്തൽ.

ഇത്തരത്തിലുള്ള പൊരുത്തക്കേടുകൾ മുപ്പതുശതമാനത്തിൽ കൂടിയാൽ മസ്റ്ററിങ്ങിന് സാധുത നൽകില്ല. ഭക്ഷ്യധാന്യമുൾപ്പെടെ ഇതുമൂലം തടഞ്ഞുവെക്കാനിടയുണ്ട്. ആദ്യഘട്ട മസ്റ്ററിങ് തുടങ്ങിയപ്പോൾത്തന്നെ പേരിലെ പൊരുത്തക്കേടുമൂലമുള്ള പ്രശ്നം സിവിൽ സപ്ലൈസ് അധികൃതർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. എന്നാൽ, മസ്റ്ററിങ് അസാധുവാക്കപ്പെടുന്നവരുടെ കാര്യത്തിലുള്ള തുടർനടപടിയെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

ALSO READ: റേഷൻ മസ്റ്ററിങ് എട്ടിന് അവസാനിക്കും; ഇതുവരെ നടത്തിയത് ഒരു കോടിയിലേറെപ്പേർ

അതേസമയം, റേഷൻകടകളിലെ ഇ -പോസ് യന്ത്രത്തിൽ വിരലടയാളം നൽകിയവർ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയെന്ന് കരുതിയാണ് മടങ്ങുന്നത്. എന്നാൽ, താലൂക്കുതല പരിശോധനയിൽ മസ്റ്ററിങ് അസാധുവാക്കപ്പെട്ട കാര്യം ഇപ്പോഴാണ് പുറത്തുവരുന്നത്. മഞ്ഞ, പിങ്ക് എന്നീ കാർഡുകളിലായി സംസ്ഥാനത്ത് 1.56 കോടി പേരുടെ മസ്റ്ററിങ്ങാണ് ഇതുവരെ പൂർത്തിയാക്കിയത്. അതിൽ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിങ്ങിന്റെ സാധുത ഇനിയും പരിശോധിക്കാനുണ്ട്. അതുകൂടി കഴിയുമ്പോൾ അസാധുവായവരുടെ എണ്ണം ഇനിയുമുയരുമെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ചവരെയാണ് സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ്ങിന് അനുവദിച്ചിട്ടുള്ള സമയം. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തിൽ അതിനുശേഷം തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. വിരലടയാളം പൊരുത്തപ്പെടാത്തതിനാൽ മസ്റ്ററിങ് നടത്താൻ കഴിയാത്തവർ ഇപ്പോഴുമുണ്ട്. വിരലടയാളെ പൊരുത്തപ്പെട്ടില്ലെങ്കിൽ ഐറിസ് സ്കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിങ് പൂർത്തിയാക്കുകയാണ് വേണ്ടത്. എന്നാൽ, റേഷൻകടകളിൽ ഐറിസ് സ്കാനറില്ലെന്നത് ഇതിന് തടസമാകും. അതിനാൽ, മറ്റുമാർഗങ്ങൾ സ്വീകരിക്കാനാണ് സാധ്യത.

കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് സംസ്ഥാന സർക്കാർ മസ്റ്ററിങ് നടത്താൻ തീരുമാനിച്ചത്. സൗജന്യ റേഷൻ ലഭിക്കുന്നവർ തുടർന്നും അർഹരാണെന്ന് ഉറപ്പിക്കാനാണ് ബയോമെട്രിക് വിവരങ്ങളിലൂടെ മസ്റ്ററിങ് നടത്തുന്നത്. മസ്റ്ററിങ് സമയത്ത് റേഷൻ കാർഡും ആധാർ കാർഡും നിർബന്ധമായും കരുതണം. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 8 വരെയാണ് റേഷൻ മസ്റ്ററിങ് നടക്കുന്നത്.

സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് നടത്തുന്നത്. സെപ്റ്റംബർ 18 മുതൽ സെപ്റ്റംബർ 24 വരെ തിരുവനന്തപുരം ജില്ലയിലായിരിക്കും മസ്റ്ററിങ് നടത്തുക. അതിന്ശേഷം സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ മസ്റ്ററിങ് നടക്കും. പിന്നീട് ഒക്ടോബർ മൂന്ന് മുതൽ എട്ടുവരെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും മസ്റ്ററിങ് നടക്കുന്നതാണ്.

Latest News