Kerala Rain Alert: ദുരന്തമൊഴിയുന്നില്ല; കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു, ജാഗ്രത പാലിച്ചേ മതിയാകൂ
Kerala Rain Updates: തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
തിരുവനന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കന്‍, മധ്യ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്ധ്രാപ്രദേശിന് മുകളിലായി ന്യൂനമര്‍ദം രൂപപ്പെടുമെന്നും ആഗോള മഴ പാത്തി സജീവമാകുമെന്നും കാലാവസ്ഥ കേന്ദ്രം വിലയിരുത്തുന്നുണ്ട്. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഞായറാഴ്ച അഞ്ച് ജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 13ന് ശക്തമായ മഴ പെയ്യുമെന്നും സ്വകാര്യ കാലാവസ്ഥ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയില്‍ പറയുന്നു.
അതേസമയം, വെള്ളിയാഴ്ച രാത്രി 11.30 വരെ കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ 11.30 വരെ 1.4 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഇവിടെയുള്ള മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അടിയന്തിര സാഹചര്യം അനുസരിച്ച് മാറി താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങളായ വള്ളം, ബോട്ട് മുതലായവ ഹാര്‍ബറില്‍ കെട്ടിയിട്ട് സംരക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിച്ച് വേണം കെട്ടിയിടാന്‍. ഇത് ഇവ തമ്മില്‍ കൂട്ടിയിച്ച് കേടുപാടുകള്‍ സംഭവിക്കുന്നത് തടയും. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.