Kerala Rain Holiday : മഴ തുടരുന്നു, ഒപ്പം അവധിയും; സംസ്ഥാനത്ത് നാളെ അവധി പ്രഖ്യാപിച്ചത് ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
Holiday Declared For Educational Institutions Kerala: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഇന്ന് അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്
കനത്ത മഴയ്ക്കുള്ള സാധ്യതകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെയും (ഡിസംബര്‍ 3) വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, തൃശൂര്‍, മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് ഇതുവരെ അവധി പ്രഖ്യാപിച്ചത്.
കാസര്‍കോട്
കാസർകോട് ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
തൃശൂര്‍
തൃശ്ശൂര്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
മലപ്പുറം
ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.
ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
വ്യാജ വാർത്തകൾക്കെതിരെ നടപടി
കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പദ്മചന്ദ്ര കുറുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരുക. ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കുമെന്നും എഡിഎം അറിയിച്ചു.
റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഇന്ന് അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും, നാളെ കണ്ണൂർ, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും, നാളെ മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നാണ് നിര്‍ദ്ദേശം.