Kerala Rain Alert: ഇന്ന് അവധിയില്ല, സ്‌കൂളില്‍ പോകാം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Rain Updates: കേരളത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
വടക്കന്‍ കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തിയും വടക്ക്-കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളിലായി അതിതീവ്ര ന്യൂനമര്‍ദവും സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ മറ്റൊരു ന്യൂനമര്‍ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനും പാക്കിസ്ഥാനും മുകളിലായും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
Also Read: Sundar Menon Arrest: കോടികളുടെ വൻ തട്ടിപ്പ്, പിന്നാലെ അറസ്റ്റ്…; ആരാണ് ടി എ സുന്ദർ മേനോൻ?
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.9 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തമിഴ്നാട് തീരത്ത് 2.1 മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതിനാല്‍ ഇവിടങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്. കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യയുണ്ടെന്നാണ് പ്രവചനം.
തൃശൂര്‍ അവധി
തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പ് അവസാനിക്കും വരെ അവധി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. ക്യാമ്പുകള്‍ അവസാനിക്കുന്ന വിവരം അതത് തഹസില്‍ദാര്‍മാര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് ആവശ്യമായ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചശേഷം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
പാലക്കാട് പോത്തുണ്ടി ജിഎല്‍പിഎസ്
ഏഴ് കുടുംബങ്ങളും 21 അംഗങ്ങളും ഉള്‍പ്പെട്ട ദുരിതാശ്വാസ ക്യമ്പായി പ്രവര്‍ത്തിക്കുന്നതിനാല്‍ പോത്തുണ്ടി ജിഎല്‍പിഎസിന് അവധി ആയിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
മലപ്പുറത്ത് അവധി
മലപ്പുറം ജില്ലയില്‍ കാലവര്‍ഷത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു.