Kerala Rain Alerts : ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala Rain Alets Heavy Rain Prediction : സംസ്ഥാനത്തൊട്ടാകെ ഇടത്തരം മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയെക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പാണ്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് ഉള്ളത്.
മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ഇവിടെ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകി.
Also Read : Kerala Rain Updates : സംസ്ഥാനത്ത് ഇടത്തരം മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ ഓറഞ്ച് അലർട്ട്
ഇന്ന് കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും പുതുക്കിയ മഴ മുന്നറിയിപ്പിൽ ഇത് യെല്ലോ അലർട്ടാക്കി മാറ്റി. 26ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 27ന് കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് 26ന് രാത്രി 11:30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.7 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഇവിടങ്ങളിൽ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതരുടെ നിർദ്ദേശാനുസരണം അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കാൻ ആളുകൾ തയ്യാറാവണം. മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ചാൽ കൂട്ടിയിടിച്ചുള്ള അപകടങ്ങളുടെ സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം.
ഇന്നലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉണ്ടായിരുന്നത്. ഇനിയുള്ള അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് സൂചന.