Kerala Rain Alerts : സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് രണ്ട് ജില്ലകളിൽ മാത്രം മഴ മുന്നറിയിപ്പ്
Kerala Rain Alerts Yellow Alert : സംസ്ഥാനത്ത് മഴ കുറയുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്.
സംസ്ഥാനത്ത് മഴ കുറയുന്നു എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് മഴ (Rain Alert) മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആലപ്പുഴയിൽ ഒറ്റപ്പെട്ട മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.3 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.1 മുതൽ 2.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാനിർദ്ദേശമുണ്ട്.
കേരളം – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. തെക്ക് ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്‌നാട്, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. 45 ക്യാമ്പുകളാണ് വയനാട്ടിൽ പ്രവർത്തിക്കുന്നത്. ഇതിൽ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ തുടരുകയാണ്. ജൂലൈ 23 മുതൽ 25 വരെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂവെന്നാണ് പ്രവചനം. ഈ മാസം അവസാനത്തോടെ വീണ്ടും സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്.