5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alerts : സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Rain Alerts Orange Alert : സംസ്ഥാനത്ത് ഒറ്റപ്പെട്ട, അതിശക്ത മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Kerala Rain Alerts : സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Rain Alert. (Image Credits: PTI)
abdul-basith
Abdul Basith | Published: 15 Aug 2024 07:27 AM

സംസ്ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിൻ്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിച്ചേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനിടയുണ്ട്.

തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഓ​ഗസ്റ്റ് 18 വരെ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും മുന്നറിയിപ്പിലുണ്ട്.

Also Read : Wayanad Landslides: വയനാട്ടിൽ വേറെയുമുണ്ട് ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങൾ: ജോൺ മത്തായി

സംസ്ഥാനത്ത് ഇന്നലെയും രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടായിരുന്നു.

തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ ജനങ്ങൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.

വയനാട്ടില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള വേറെയും പ്രദേശങ്ങളുണ്ടെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി പറഞ്ഞിരുന്നു. വയനാട്ടില്‍ സേഫ് ഏരിയ അണ്‍ സേഫ് ഏരിയ ഏതൊക്കെ എന്ന് തരംതിരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയ പ്രദേശം മുതല്‍ താഴേക്ക് പരിശോധിക്കും. എന്താണ് ഉരുള്‍പൊട്ടലിന് കാരണമായതെന്നും പ്രഭവകേന്ദ്രം ഏതാണെന്നും പരിശോധിക്കുമെന്ന് ജോണ്‍ മത്തായി കൂട്ടിച്ചേര്‍ത്തു.

ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മുണ്ടക്കൈ, ചൂരല്‍മല എന്നീ മേഖലകളില്‍ പരിശോധന നടത്തുന്നത്. ജില്ലയില്‍ സുരക്ഷിതമായ പ്രദേശങ്ങള്‍ ഏതൊക്കെ ദുര്‍ബലമായ പ്രദേശങ്ങള്‍ ഏതൊക്കെ എന്ന് കണ്ടത്തേണ്ടതുണ്ട്. കൂടാതെ ഇനി എന്തെങ്കിലും ദുരന്തങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജോണ്‍ മത്തായി പറഞ്ഞു.

Also Read : Wayanad Landslides : വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ഉരുള്‍പൊട്ടിയ ഭാഗത്താണ് ആദ്യം പരിശോധന നടത്തുന്നത്. അവിടെ നിന്ന് താഴോട്ട് പരിശോധിക്കും. രണ്ടോ മൂന്നോ ദിവസം നീളുന്ന പരിശോധനയാണ് ഉദ്ദേശിക്കുന്നത്. താനുള്‍പ്പെടെയുള്ള ആറംഗസംഘം ഒരുമിച്ചിരുന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. എത്രയും പെട്ടെന്ന് തന്നെ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

ഈ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കും. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള അനേകം പ്രദേശങ്ങള്‍ വയനാട്ടിലുണ്ട്. ഒരു പ്രദേശത്ത് 300 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യത്തെ സൂക്ഷമ രീതിയില്‍ തരംതിരിച്ചെടുക്കേണ്ടത് വളരെ അനിവാര്യമാണ്. സേഫ് ഏരിയ അണ്‍സേഫ് ഏരിയ എന്ന് തരംതിരിച്ച ശേഷം സേഫ് ഏരിയയില്‍ കേടുപാടുകള്‍ സംഭവിക്കാത്ത വീടുകളുണ്ടെങ്കില്‍ അവയെ ഉപയോഗപ്രദമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിഡബ്ള്യുആര്‍എം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ടികെ ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ല മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹര്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി പ്രദീപ് എന്നിവരാണ് ജോണ്‍ മത്തായി സംഘത്തിലുള്ളത്.