Kerala Rain Alerts : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; രണ്ടിടത്തൊഴികെ ബാക്കിയെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
Kerala Rain Alerts Orange Alert : സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്ന് തീവ്രമായ വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രഖ്യാപനം. രണ്ട് ജില്ലകളൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
തൃശൂരും പാലക്കാടും ഒഴികെയുള്ള മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.
വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിലെ മഴയ്ക്ക് കാരണം.
സംസ്ഥാനത്ത് ഓഗസ്റ്റ് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളത് കൊണ്ട് ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കർണാടകയ്ക്ക് മുകളിൽ സ്ഥിതി ചെയുന്ന ചക്രവാതച്ചുഴിയുടെ ഫലമായി ഈ ആഴ്ച സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് ഈ മാസം 16ന് കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ്. ഇതിനു പുറമേ കർണാടക മുതൽ കന്യാകുമാരി മേഖല വരെയുള്ള ന്യൂനമർദപാത്തിയും കനത്ത മഴയ്ക്ക് കാരണമാകുമെന്നും അധികൃതർ പറയുന്നു. ഈ ആഴ്ച വ്യാപക മഴയ്ക്കാണ് സാധ്യത.
ഇന്നലെ ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലാണ് ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളില് യെല്ലോ അലർട്ടാണ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.