Kerala Rain Alerts : സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala Rain Alerts Orange Alert : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബാക്കി നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.5 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതണ്ട്. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്ന് അധികൃതർ അറിയിച്ചു.
Also Read : Kerala Rain Holiday : ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കടൽ പ്രക്ഷുബ്ധമായതിനാൽ തീരദേശവാസികൾ അധികൃതരുടെ നിർദ്ദേശപ്രകാരം മാറിത്താമസിക്കാൻ തയ്യാറാവണം. മത്സ്യബന്ധന ബോട്ടുകളും മറ്റും കെട്ടിയിട്ട് സുരക്ഷിതമായി സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചാൽ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക എന്നും അധികൃതർ നിർദ്ദേശിച്ചു.
അതേസമയം, ഇന്ന് വയനാട് ജില്ലയിൽ മാത്രമാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫണല്‍ കോളജുകള്‍, അംഗൺവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാൽ, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളും പിഎസ് സി പരീക്ഷകളും നടക്കും. മോഡല്‍ റസിഡന്‍ഷ്യല്‍( എംആര്‍എസ്), നവോദയ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
കോഴിക്കോട് ജില്ലയിലെയും തൃശൂരിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധിയാണെന്ന മട്ടിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കളക്ടർ അറിയിച്ചു. തെറ്റിദ്ധാരണ പരത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് കളക്ടർ മുന്നറിയിപ്പ് നൽകി. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി. ചേവായൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍, കോഴിക്കോട് ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടുളി ജിഎല്‍പി സ്‌കൂള്‍, മുട്ടോളി ലോലയില്‍ അങ്കണവാടി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകളുള്ളത്. ഈ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.