Kerala Rain Alerts : വടക്കൻ ജില്ലകളിൽ ഒന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alerts Heavy Rain : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. രണ്ട് ദിവസങ്ങളിലും നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും ഇതേ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
മഴയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച ഇടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇവിടങ്ങളിൽ പ്രത്യേക ജാഗ്രത വേണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. എന്നാൽ, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി തുടരുകയാണ്. അതുകൊണ്ട് തന്നെ ഞായറാഴ്ചയും ശക്തമായ മഴ തുടരും. മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കും. കേരള തീരത്ത് ഞായറാഴ്ച രാത്രി ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. അതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന്റെ സാറ്റലൈറ്റ് ചിത്രം ഇസ്രോ പുറത്തുവിട്ടിരുന്നു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത് സമുദ്ര നിരപ്പില്‍ നിന്ന് 1,550 മീറ്റര്‍ ഉയരത്തിലാണ്. ദുരന്തത്തില്‍ 86,000 ചതുരശ്ര മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഒലിച്ചുപോയതാായി ചിത്രം സൂചിപ്പിക്കുന്നു. 40 വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് ചേര്‍ന്നാണ് പുതിയ പ്രഭവകേന്ദ്രമെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
മലവെള്ളത്തോടൊപ്പം പാറക്കല്ലുകളും അവശിഷ്ടങ്ങളും എട്ട് കിലോമീറ്ററോളം താഴേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്നും പുറത്തുവെന്ന ചിത്രം ചൂണ്ടികാണിക്കുന്നു. സ്രോയുടെ ഹൈദരാബാദിലെ നാഷണല്‍ റിമോട്ടിങ് സെന്‍സിങ് സെന്റര്‍ ആണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്‍ആഅര്‍എസ്‌സിയുടെ കാര്‍ട്ടോസാറ്റ് 3 സാറ്റലൈറ്റും റിസാറ്റ് സാറ്റലൈറ്റും പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ.
അതേസമയം, ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 338 ആയി. 205 മൃതദേഹങ്ങളും 133 പേരുടെ ശരീരഭാഗങ്ങളുമാണ് വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നായി കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഇരുനൂറിലേറെ ആളുകളെയാണ്. മരിച്ചവരില്‍ 27 കുട്ടികളാണുള്ളത്.
ആഗസ്റ്റ് രണ്ടാം തീയതി രക്ഷദൗത്യത്തിന്റെ നാലാം ദിവസം നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തി. അട്ടമലയ്ക്ക് സമീപം പടവെട്ടിക്കുന്നില്‍ ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാല് പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. നാല് ദിവസമായി ഇവര്‍ ഇവിടെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരു സ്ത്രീയുടെ കാലിന് പരിക്കേറ്റിണ്ടെന്ന് സൈന്യം പിആര്‍ഒ അറിയിച്ചു.