5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

Kerala Rain Alert Today: ജൂലൈ ആറ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Kerala Rain Alert: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Kerala Rain Alert. (Image Courtesy: GettyImages)
neethu-vijayan
Neethu Vijayan | Published: 03 Jul 2024 09:25 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകാൻ സാധ്യതയെന്ന് (Kerala Rain Alert) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഇതിൻ്റെ പശ്ചാതലത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. ജൂലൈ ആറ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം. കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ALSO READ: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതുകൊണ്ട് അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധനയാനങ്ങൾ (ബോട്ട്, വള്ളം) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സംരക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടാവാതിരിക്കാൻ സുരക്ഷിത അകലം പാലിച്ച് വേണം കെട്ടിയിടാൻ. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

അതേസമയം ഇത്തവണ ജൂണിൽ ലഭിച്ച കാലവർഷ മഴയിൽ 25 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കണക്ക് പുറത്തുവന്നിരുന്നു. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും മഴകുറവ് ലഭിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ മഴ കുറവ് വൈദ്യുത ഉൽപാദനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

അപകടകാരികളാണ് ഇടിമിന്നൽ. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാനിട വരുത്തും. അതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറേണ്ടതാണ്.