Kerala Rain Alert: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; 10 ജില്ലകളിൽ യെല്ലോ അലർട്ട്, കടലിൽ പോകുന്നതിനും വിലക്ക്
Kerala Rain Alert Today: കേരളത്തിൻറെയും ലക്ഷദ്വീപിൻറെയും തീരങ്ങളിൽ ഉള്ളവർ ഇന്നു മുതൽ 16ാം തീയതി വരെ കടലിൽപോകരുതെന്നും കാലാവസ്ഥാ വകുപ്പിൻ്റെ നിർദ്ദേശമുണ്ട്. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് പരക്കെ മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് ഇന്നു മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് (Kerala Rain Alert) കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ പശ്ചാതലത്തിൽ പത്തു ജില്ലകളിലാണ് യെലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിപ്പ് നൽകിയിട്ടുള്ളത്. ശനിയാഴ്ച കോഴിക്കോടും കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് പരക്കെ മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.
കേരളത്തിൻറെയും ലക്ഷദ്വീപിൻറെയും തീരങ്ങളിൽ ഉള്ളവർ ഇന്നു മുതൽ 16ാം തീയതി വരെ കടലിൽപോകരുതെന്നും കാലാവസ്ഥാ വകുപ്പിൻ്റെ നിർദ്ദേശമുണ്ട്. മണിക്കൂറിൽ 55 കിലോ മീറ്റർ വരെ വേഗതയിലുള്ള കാറ്റിനും നാളെ രാത്രിവരെ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
ALSO READ: സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമായേക്കും; വിവധ ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ ഇങ്ങനെ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷം വീണ്ടും ഇന്ന് മുതൽ സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളോടെ വടക്കൻ കേരളത്തിൽ ചെറിയ തോതിൽ കാലവർഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞിരുന്നു. ഒറ്റപ്പെട്ട മഴയൊഴിച്ചാൽ ഒരു ജില്ലയിലും കാര്യമായ മഴ ലഭിച്ചില്ലെന്ന് തന്നെ പറയാം. പലയിടത്തും ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിച്ചത്. മഴ ശക്തമായിരുന്ന മലയോര ജില്ലകളിലടക്കം മഴ വിട്ടുനിൽക്കുന്ന അവസ്ഥയാണ് നിലവിൽ.