Kerala Rain Alert: വരുന്നു അതിശക്തമായ മഴ…; സംസ്ഥാനത്തിന് ഭീഷണിയായി പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു
Kerala Rain Alert Today: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴ (Kerala Rain Alert) തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ അറിയിപ്പ്. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചക്രവാതച്ചുഴിക്ക് പിന്നാലെ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് നിലവിൽ കേരളത്തിൽ മഴ കനക്കാൻ കാരണം. ഇതിൻ്റെ പശ്ചാതലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് ശക്തമായ മഴയ്ക്ക് കാരണം. ഇതിന്റെ ഫലമായി ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലൈ 13 മുതൽ 17 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ALSO READ: ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മഴ ശക്തമായതിന് പിന്നാലെ പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് 12:00 ന് 20 സെ.മീ ഉയർത്തി. കൂടാതെ അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചയോടെ 40സെ. മീ കൂടി ഉയർത്തി. നേരത്തെ ഇത് 40 സെ.മീ ഉയർത്തിയിരുന്നു. അതിനാൽ ഇരു ഡാമുകളുടേയും സമീപ പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു..
വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
14-07-2024 (ഞായർ): മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
15-07-2024 (തിങ്കൾ): മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
16-07-2024 (ചൊവ്വ): മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
17-07-2024 (ബുധൻ): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
14-07-2024 (ഞായർ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്
15-07-2024 (തിങ്കൾ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
16-07-2024 (ചൊവ്വ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
17-07-2024 (ബുധൻ): പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്