Kerala Rain Alert: സംസ്ഥാനത്ത് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Kerala Rain Alert Updates: ആലപ്പുഴ, കോട്ടയം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. ഈ കാലയളവിൽ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. അന്യ സംസ്ഥാനത്തു നിന്നെത്തിയ ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങും മുമ്പ് കേരളത്തിന്റെ തീരം വിട്ടു പോകേണ്ടതാണ് എന്നും മുന്നറിയിപ്പിൽ പറയുന്നു.
ALSO READ: ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം; നിയമം ലംഘിച്ചാൽ നടപടി ഉടനടി
ജൂൺ ഒമ്പതിന് വൈകീട്ട് ട്രോളിങ് ബോട്ടുകൾ കടലിൽ നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം. ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണങ്ങൾ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കും എന്നും വിവരമുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരേ നിയമനടപടി സ്വീകരിക്കാനും തീരുമാനം ഉണ്ട്.
തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്തും കടലിൽപ്പോകാനുള്ള അനുമതി ഉണ്ട്. നിരോധന കാലത്ത് ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ എന്നാണ് നിയമം. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകൾ പ്രവര്‍ത്തിക്കും.