5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രത

Kerala Rain Alert Today: 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ അതീവ ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 10 ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

Kerala Rain Alert: അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രത
Kerala Rain Alert
neethu-vijayan
Neethu Vijayan | Published: 30 Jul 2024 08:29 AM

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയുടെ (Kerala Rain Alert) പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ അതീവ ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കോട്ടയം ജില്ലകളിലും കണ്ണൂർ ജില്ലയിൽ പൂർണമായും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ചതിൽ നിന്ന് വ്യത്യസ്തമായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കോട്ടയം എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

ALSO READ: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അതേസമയം തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വൻനാശനഷ്ടം. താമരശ്ശേരി ചുരം എട്ടാം വളവിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായി. മരങ്ങൾ റോഡിലേക്ക് വീണു. വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിൽ കടത്തി വിടുന്നുണ്ട്. ചുരത്തിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ തൃശൂർ ജില്ലയിലെ പ്രധാന ഡാമുകളിലൊന്നായ പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. നിലവിൽ 30 സെന്റീമീറ്റർ വീതം ഷട്ടർ ഉയർത്തിയാണ് വെള്ളം പുറത്തേക്ക്‌ ഒഴുക്കിവുടുന്നത്. മഴ തീവ്രമായാൽ തുടർന്നും ഘട്ടംഘട്ടമായി ഷട്ടറുകൾ ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഡാം തുറന്നതിനാൽ മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. പ്രദേശത്തുനിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. ഇതിൽ ഒരാൾ വിദേശിയെന്നാണ് റിപ്പോർട്ട്. അഞ്ച് മന്ത്രിമാർ വയനാട്ടിലേക്കെത്തും. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും വയനാട്ടിലേക്ക് ഉടൻ എത്തുമെന്നാണ് വിവരം. വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.

Latest News