Kerala Rain Alert : തീവ്ര, അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; ജൂലൈ രണ്ടാം വാരം വീണ്ടും സജീവമായേക്കും
Rain Updates Kerala : വയനാട് അടക്കമുള്ള ജില്ലകളിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കോട്ടയം: സംസ്ഥാനത്തെ മഴയുടെ ശക്തി കുറയുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ പരക്കെ മഴയുണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിലുള്ളത്. ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
എറണാകുളം മുതൽ കാസർകോട് വരെയുള്ള 9 ജില്ലകളിൽ യെലോ അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദ്ദപാത്തിയുടെയും ഗുജാറത്തിനു മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറയുന്നതാണ് മഴ കുറയാൻ കാരണം എന്നാണ് നിഗമനം. ജൂലൈ രണ്ടാം വാരത്തോടെ മഴ വീണ്ടും ശക്തമായേക്കും എന്ന സൂചനയും നിലവിൽ ഉണ്ട്.
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഇതിനൊപ്പം എത്തുന്നു. മത്സബന്ധനത്തിനുള്ള വിലക്കും ഇതിനോടൊപ്പം തുടരുന്നുണ്ട്. വെള്ളക്കെട്ടും മഴ ദുരിതവും തുടരുന്ന പ്രദേശങ്ങളും ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തിൽ കോട്ടയത്തും, ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളിലും ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
ALSO READ: വെള്ളിയാഴ്ച അവധിയുള്ളത് എവിടെയൊക്കെ? മഴ മുന്നറിയിപ്പ് അറിയാം
ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധിയുള്ളത്. വയനാട് അടക്കമുള്ള ജില്ലകളിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ഇതിനിടെ കാസർഗോഡ് ഓരിപുഴയിൽ മീൻ പിടിക്കുന്നതിനിടെ ശക്തമായ കാറ്റിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു.
വലിയപറമ്പ് മാവിലാകടപ്പുറം കെ പി പി മുകേഷാണ് മരിച്ചത്. പാലക്കാട് ജില്ലയിലെ മംഗലം ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 11 ന് ഡാമിൻ്റെ സ്പിൽവെ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഡാമിൻ്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയുടെ തീരത്തുള്ളവർ ജാഗത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇന്ന് രാവിലെ എട്ടുമണിക്കുള്ള ജലനിരപ്പ് 76. 21 മീറ്ററാണ്.ഡാമിൻ്റ ബ്ലൂ അലർട്ട് ലെവൽ 76 മീറ്ററും ഓറഞ്ച് അലർട്ട് ലെവൽ 76.5 1 മീറ്ററും ആണ്.