Kerala rain alert: വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കും; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ
വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഓഗസ്റ്റ് 24 മുതൽ 28 വരെയുള്ള തീയതികളിൽ വ്യാപകമായി മിതമായ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാത്ത് അടുത്ത് നാല് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഓഗസ്റ്റ് 24 മുതൽ 28 വരെയുള്ള തീയതികളിൽ വ്യാപകമായി മിതമായ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി രൂപപെട്ടു. തെക്കു കിഴക്കൻ ഉത്തർപ്രദേശിനും വടക്കു കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഓഗസ്റ്റ് 26ഓടെ പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് രാജസ്ഥാൻ, ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാനും സാധ്യത.
ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്. നാളെ ഞായറാഴ്ച (25/08/2024) കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച (26/08/2024) കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച (27/08/2024) കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച(28/08/2024) കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Also read-Kerala Rain Alert: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഇന്ന് വടക്കൻ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. നാളെ മുതൽ ചൊവാഴ്ച വരെ കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.