Kerala Rain Alert : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala Rain Alert School Holiday : സംസ്ഥാനത്തെ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കാസർഗോഡ്, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.
സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനത്തിൽ പറയുന്നത്. മൺസൂൺ പാത്തി സജീവമായി തുടരുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നുണ്ട്.
Also Read : Kerala Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ റെഡ് അലർട്ട്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കോഴിക്കോട് ജില്ലയിൽ കനത്ത മഴയിൽ മലയോര മേഖലയിലും മാവൂർ പ്രദേശത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ പ്രദേശത്ത് നിന്ന് നൂറോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. മാവൂർ, മുക്കം മേഖലകളിലാണ് മഴക്കെടുതി രൂക്ഷമായി തുടരുന്നത്. മുക്കത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചാത്തമംഗലത്ത് പതിനഞ്ച് കുടുംബങ്ങളേയും മാറ്റിയിരിക്കുന്നത്. മാവൂരിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.
എറണാകുളം ജില്ലയിലെ കാളിയാർ, തൃശൂർ ജില്ലയിലെ കീച്ചേരിപ്പുഴ, പാലക്കാട് ജില്ലയിലെ പുലംതോട്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴ എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം ജില്ലയിലെ കരമനയാറ്, പത്തനംതിട്ട ജില്ലയിലെ പമ്പയാറ്, ഇടുക്കി ജില്ലയിലെ തൊടുപുഴയാറ്, തൃശൂർ ജില്ലയിലെ ഗായത്രിപ്പുഴ, ചാലക്കുടിപ്പുഴ, മലപ്പുറം ജില്ലയിലെ ചാലിയാർ, കുതിരപ്പുഴ എന്നീ നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ് എന്നും ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആദ്യത്തെ ഉരുൾപ്പൊട്ടിയത്. പിന്നീട് നാല് മണിക്ക് വീണ്ടും ഉരുൾപ്പൊട്ടിയതായാണ് റിപ്പോർട്ട്. വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.