Kerala Rain Alert: മഴ തുടരും…; 2 ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
Kerala School Holidays: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും അവധി ബാധകമാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തി പ്രാപിച്ചതോടെ മഴക്കെടുതി രൂക്ഷമായി (Kerala Rain Alert) തുടരുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് ആണ് നിലവിൽ. നാളെയും മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ കോളേജുകളടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും അവധി ബാധകമാണ്.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും കളക്ടർ അറിയിച്ചു. വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എംആർഎസ് സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ പറഞ്ഞു.
ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ശക്തമായ കാറ്റും മണ്ണിടിച്ചിലും മൂലം ഗതാഗത തടസ്സം എന്നിവ കണക്കിലെടുത്താണ് നാളെ അങ്കണവാടികൾ, മദ്രസ, കിൻഡർ ഗാർഡൻ, എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് കളക്ടർ ഷീബ ജോർജ് അറിയിച്ചത്.
ALSO READ: സംസ്ഥാനത്തെ മഴക്കെടുതി..; ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു, ദുരിതാശ്വാസ ക്യാമ്പുകളും സജ്ജം
മലയോരമേഖലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. തെക്കൻ ഛത്തീസ്‌ഗഡിനും വിദർഭക്കും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. കേരള തീരത്തു പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായതായാണ് റിപ്പോർട്ട്. ഇതിന്റെ സ്വാധീനഫലമായാണ് നിലവിൽ കനത്ത മഴ തുടരുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. എൻഡിആർഎഫ് സംഗങ്ങളും സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. ആവശ്യമുണ്ടെങ്കിൽ മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം നടപ്പാക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിക്കാനുള്ള ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുള്ളത്.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം തുടരുകയാണ്. പാലക്കാട് കോട്ടേക്കാട് കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി.