5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മെയ് അവസാനത്തോടെ കാലവര്‍ഷമെത്തുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല

പശ്ചിമ ബംഗാളില്‍ റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന മരങ്ങള്‍ മുറിച്ച് മാറ്റുകയാണ്

Kerala Rain Alert: മെയ് അവസാനത്തോടെ കാലവര്‍ഷമെത്തുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല
shiji-mk
Shiji M K | Updated On: 27 May 2024 07:06 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് നിന്ന് മഴ മുന്നറിയിപ്പ് പൂര്‍ണമായും പിന്‍വലിക്കുന്നത്.

അറബി കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായതാണ് മഴ കുറയാന്‍ കാരണമായത്. മെയ് 31ന് മുന്‍പായി കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ വീണ്ടും മഴ കനക്കും. ഈ രണ്ടു ദിവസവും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

അതിനിടെ പശ്ചിമ ബംഗാളില്‍ റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന മരങ്ങള്‍ മുറിച്ച് മാറ്റുകയാണ്. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടുത്തെ തീരപ്രദേശങ്ങളില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴുപ്പിച്ചു. ബംഗാളിലെ തീര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ബംഗാളില്‍ പലയിടത്തും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. അസമിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അസമിലെ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ്, കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓട് മേഞ്ഞ വീടുകളുടെ മേല്‍ക്കൂര പറന്നുപോയതായും, വൈദ്യുത തൂണുകള്‍ വളച്ചൊടിക്കപ്പെടുകയും നിരവധി പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. കൊല്‍ക്കത്തയോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളിലെ തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി. തീരദേശ റിസോര്‍ട്ട് പട്ടണമായ ദിഘയിലെ കടല്‍ഭിത്തിയില്‍ ഭീമാകാരമായ തിരമാലകള്‍ ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൊല്‍ക്കത്തയിലെ ബിബിര്‍ ബഗാന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന സജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.