Kerala Rain alert: മഴ മുന്നറിയിപ്പ് തുടരുന്നു ; ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
Kerala rain alert latest update : കേരള തീരത്ത് മീൻപിടിത്തത്തിനും വിലക്കുണ്ട്. തമിഴ്നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിൽ ശക്തമായ മഴ തുടരുന്നത് എന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം പറയുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളിലും അലർട്ട് നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് ആണ് ഉള്ളത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മണ്ണിടിച്ചിലിനും, ഉരുൾപൊട്ടലിനുമുള്ള സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് മഴ ശക്തമായ സാഹചര്യമാണ്. അതിനാൽ ഇന്ന് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുളള സ്ഥലങ്ങള്‍ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യ സാഹചര്യം ഉണ്ടായാൽ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളും നടക്കുന്നുണ്ട്. 44 ഇടങ്ങളില്‍ പ്രകൃതി ദുരന്തസാധ്യത ഉണ്ടെന്നാണ് അധികതരുടെ അറിയിപ്പ്. ഇതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും നടക്കുകയാണ്.
കേരള തീരത്ത് മീൻപിടിത്തത്തിനും വിലക്കുണ്ട്. തമിഴ്നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിൽ ശക്തമായ മഴ തുടരുന്നത് എന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം പറയുന്നത്. കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കും പത്തനംതിട്ടയ്ക്കൊപ്പം തന്നെ ഇന്ന് ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ഹൾ നടത്തണമെന്ന് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
ALSO READ – മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴ വരുന്നു
ജാഗ്രതാ നിർദ്ദേശം ലഭിച്ചതോടെ കളക്ട്രേറ്റിലും അഞ്ച് താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു. മാറ്റിപ്പാർപ്പിക്കേണ്ട അളുകളുടെ പട്ടിക തയ്യാറാക്കാനും നിർദ്ദേശമുണ്ട്. ഒപ്പം ആവശ്യമുള്ളവരെ ക്യാമ്പിലേക്കു മാറ്റാനായി ക്യാമ്പു തുടങ്ങുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്താനും റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയുടെ നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതായി റിപ്പോർട്ട് പുറത്തുവരുന്നു. ശംഖുമുഖത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടതായും വിവരം ഉണ്ട്. ശക്തമായ മഴ കാരണം ഇവിടുത്തെ മലയോര മേഖലയിലേക്ക് ജാഗ്രതയോടെയുള്ള യാത്ര വേണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.