Kerala Rain Alert: മഴയില്‍ മുങ്ങി കേരളം, രണ്ട് മരണം; നാളെ നാല് ജില്ലകള്‍ക്ക് അവധി, മൂന്ന് ജില്ലകളില്‍ ഭാഗിക അവധി
Heavy Rain School Holiday in Kerala: മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തിയായ മഴ തുടരുന്നു. വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. വെള്ളക്കെട്ടില്‍ വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കോട്ടയത്ത് മാളിയേക്കടവില്‍ താറാവ് കര്‍ഷകനായ പടിയറക്കടവ് സ്വദേശി സദാനന്ദന്‍ മുങ്ങി മരിച്ചു. പാടശേഖരങ്ങളിലേക്ക് താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയിലെ പാറമടയില്‍ കാണാതായ ഒഡീഷ സ്വദേശി ഡിസ്‌ക് മാന്റിഗയുടെ മൃതദേഹം കണ്ടെത്തി.
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മൂന്ന് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൂടാതെ പാലക്കാട് ജില്ലയിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. വെള്ളിയാഴ്ച കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: NEET-UG 2024: നീറ്റ് യു ജി ഫലം ഇനി കേന്ദ്രങ്ങൾ തിരിച്ച് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി
കണ്ണൂര്‍
കണ്ണൂരില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
കാസര്‍കോട്
ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ അങ്കണവാടികളും മദ്രസകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍ കോളേജുകളെ അവധി ബാധിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകളെയും അവധി ബാധിക്കില്ല.
Also Read: UP Train Derail : യുപിയിൽ ചണ്ഡിഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; നാല് പേർ മരിച്ചു
വയനാട്
മോഡല്‍, റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകളെ അവധി ബാധിക്കില്ല.
പാലക്കാട്
ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് അവധി നല്‍കാമെന്ന് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍ദേശം നല്‍കി.
മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രണഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ വി ആര്‍ വിനോദ് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, ഗ്യാപ്‌റോഡ് എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞതിനാല്‍ ദേവികുളം താലൂക്കിലെയും ചിന്നക്കനാല്‍ പഞ്ചായത്തിലെയും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്.