5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: അറബിക്കടലിൽ ‘അസ്ന’ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ കനക്കും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Rain Alert: അറബിക്കടലിലെ ഈ വർ‌ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് അസ്ന. പാകിസ്താനാണ് ചുഴലിക്കാറ്റിന് അസ്ന എന്ന പേര് നിർദേശിച്ചത്. ചുഴലിക്കാറ്റിന്റെയും ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും സ്വാധീനത്താലാണ് കേരളത്തിൽ മഴ കനക്കുക.

Kerala Rain Alert: അറബിക്കടലിൽ ‘അസ്ന’ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ കനക്കും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
A biker during heavy rain. Credits: Puneet Vikram Singh, Nature and Concept photographer
athira-ajithkumar
Athira CA | Updated On: 31 Aug 2024 06:36 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലെ ചുഴലിക്കാറ്റിന്റെയും ബം​ഗാൾ‌ ഉൾക്കടലിലെ ന്യൂനമർ‌ദ്ദത്തിന്റെയും സ്വാധീനത്തിലാണ് മഴ കനക്കുക. ​ഗുജറാത്ത് തീരത്ത് തുടരുന്ന അതിതീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലിൽ അസ്ന( ASNA) ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ ഈ വർ‌ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് അസ്ന.

കേരളാ തീരത്തേക്ക് ചുഴലിക്കാറ്റെത്തില്ലെങ്കിലും ഇതിന്റെ ഭാ​ഗമായി മഴ കനക്കും. ഈ പശ്ചാത്തലത്തിലാണ് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാല ജാ​ഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 133 വർഷത്തിനിടയിൽ ഓഗസ്റ്റ് മാസത്തിൽ അറബിക്കടലിൽ ഇതുവരെ രൂപപ്പെട്ടത് അഞ്ച് ചുഴലിക്കാറ്റുകളാണ്. 1976-ലാണ് അസ്നയ്ക്ക് മുമ്പ് അറബിക്കടലിൽ അവസാനമായി ഓ​ഗസ്റ്റ് മാസത്തിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഇതിന് മുമ്പ് 1926, 1944, 1964 വർഷങ്ങളിലാണ് അറബിക്കടലിൽ ഓഗസ്റ്റ് മാസത്തിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റിനു പേരിടാൻ തുടങ്ങിയതിനു ശേഷം ഓഗസ്റ്റ് മാസത്തിൽ ആദ്യമായി പേരിടുന്ന ചുഴലിക്കാറ്റാണ് ‘അസ്ന’. പാകിസ്താനാണ് ചുഴലിക്കാറ്റിന് അസ്ന എന്ന പേര് നിർദേശിച്ചത്.

കഴിഞ്ഞ ദിവസവും ശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും പെയ്തത്. മഴ സെപ്റ്റംബർ ഒന്ന് വരെ തുടരുമെന്നും വടക്കൻ ജില്ലകളിലാകും കൂടുതൽ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ വയനാട്ടിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശമാണ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിരിക്കുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് വയനാട് ഭരണകൂടത്തിന്റെ നിർദേശം.

Latest News