Kerala Rain Alert: മാറി മറിയുന്നു മഴ മുന്നറിയിപ്പ്; നാളെ മുതൽ മഴ കനക്കും; ആറു ജില്ലകൾക്ക് മുന്നറിയിപ്പ്
Kerala rain alert Live: കനത്ത മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി മഴ കനക്കുമെന്നാണ് വിവരം. നാളെ മുതലാണ് മഴ ശക്തമാകാൻ സാധ്യത എന്നും അധികൃതർ വ്യക്തമാക്കുന്നു. ഞായറാഴ്ച ആറു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് ഉണ്ടാകാൻ സാധ്യത. കനത്ത മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ആലപ്പുഴയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ജാഗ്രത പാലിക്കാൻ നിർദ്ദേശമുള്ളത്. ഇന്ന് ശക്തമായ മഴ പ്രതീക്ഷിക്കുന്നത് വടക്കൻ കേരളത്തിൽ മാത്രമാണ് എന്നും അറിയിപ്പിൽ പറയുന്നു. മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായാണ് ന്യൂനമർദ്ദം ഇപ്പോൾ ഉള്ളത്. വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തുച്ചേരുമെന്നാണ് വിവരം.
ALSO READ – വടക്കൻ കേരളത്തിൽ മഴ ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ബംഗ്ലാദേശ് തീരത്തിന് സമീപം എത്തിയ ശേഷം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ ഉള്ള സാധ്യതയുമുണ്ട്. തുടർന്നുള്ള 3 – 4 ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ഝാർഖണ്ഡ, ഛത്തീസ്ഗഡ് മേഖലയിലേക്ക് ഇത് നീങ്ങിയേക്കും എന്നും സൂചനയുണ്ട്.
ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുക. കേരളത്തിൽ അടുത്ത ആറു ദിവസം വ്യാപകമായി മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന നിലവിലെ മുന്നറിയിപ്പിൽ ഉള്ളത്.