Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Heavy Rain Kerala: സംസ്ഥാനത്ത് ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പറയുന്നത്. മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് (Rain Alert). സംസ്ഥാനത്തൊട്ടാകെ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും (Red Alert) പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ബാക്കിയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.
സംസ്ഥാനത്ത് ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പറയുന്നത്. മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരളാതീരം വരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷക്കാറ്റും ശക്തിപ്രാപിക്കും. ഇതിന്റെ ഫലമായാണ് കേരളത്തില്‍ വീണ്ടും മഴ കനക്കുന്നത്.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുളള മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് യെല്ലാ അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് ഉള്ളത്. ബുധനാഴ്ച കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
അതേസമയം, ഇടുക്കിയില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. കളക്ടറേറ്റിലും അഞ്ച് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നു. മാറ്റിപ്പാര്‍പ്പിക്കേണ്ട ആളുകളുടെ പട്ടിക തയാറാക്കാനും ക്യാമ്പുകള്‍ തുടങ്ങുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.